story

പാപ്പിനിശേരി (കണ്ണൂർ) : അമ്മയായിരുന്നു അനുശ്രീയുടെയും മൃദുലയുടെയും താങ്ങും തണലും. ജന്മനാ അരയ്ക്കുതാഴെ തളർന്ന് വീൽചെയറിലായ ഇരട്ട പെൺകുട്ടികളുടെ എല്ലാ ആവശ്യങ്ങളും അമ്മ കണ്ടറിഞ്ഞു ചെയ്തു.

ഒക്കത്ത് ചുമന്നും വീൽചെയറുന്തി സ്കൂളിൽ കൊണ്ടാക്കി, കാത്തു നിന്ന് തിരിച്ചെത്തിച്ചും പ്ളസ് ടു വരെ പഠിപ്പിച്ചു. പക്ഷേ, വൃക്ക രോഗം കഴിഞ്ഞയാഴ്ച അമ്മയെ മരണത്തിലേക്ക് തള്ളിവിട്ടു.

രോഗം മൂർച്ഛിച്ചായിരുന്നു കണ്ണൂർ ചെറുകുന്ന് പൂങ്കാവ് ലക്ഷം വീട് കോളനിയിൽ മുരളീധരന്റെ ഭാര്യ ശൈലജയുടെ മരണം. ബാങ്കിൽ നിന്ന് ലോണെടുത്തും പലരിൽ നിന്നും കടംകൊണ്ടും കുറേ നാൾ ചികിത്സിച്ചു. മരുന്നിനു പോലും കാശില്ലാതെ, പിന്നെപ്പിന്നെ ചികിത്സ നിലച്ചു.

ശസ്ത്രക്രിയ നടത്തിയിട്ടും കണ്ണിന്റെ കാഴ്ച ശരിയാകാത്ത കൂലിപ്പണിക്കാരൻ മുരളീധരൻ എന്തു ചെയ്യാൻ. പ്രമേഹമാണ് വില്ലനായത്. ആശാരിപ്പണിയായിരുന്നു. പോയിട്ട് മാസങ്ങളാവുന്നു.

ഒരു മകൾ കൂടിയുണ്ട്, അനശ്വര. രണ്ട് എ പ്ളസ് ഉൾപ്പെടെ നേടി പത്താം ക്ളാസ് പാസായി. റിസൾട്ട് വരുന്നതിന് രണ്ടു നാൾ മുൻപായിരുന്നു അമ്മയുടെ മരണം. പഠിച്ചൊരു ജോലി നേടി ചേച്ചിമാരെയും അച്ഛനെയും നോക്കണമെന്നാണ് അനശ്വരയുടെ ആഗ്രഹം.

സിസ്സഹായനായി മുരളീധരൻ

 19 കഴിഞ്ഞ, പ്രാഥമികാവശ്യം നിറവേറ്റാൻ വരെ പരസഹായം വേണ്ട രണ്ടു പെൺമക്കൾ

 ഇളയ മകളുടെ തുടർ പഠനത്തിന് പണം കണ്ടെത്തണം

 ബാങ്ക് ലോൺ ഉൾപ്പെടെ വീട്ടാൻ കടങ്ങൾ ബാക്കി

 ആകെ സമ്പാദ്യം മൂന്നു സെന്റിലെ വീട് മാത്രം

കനിവു തേടി...

സുമനസ്സുകൾ കനിഞ്ഞാലേ ഈ കുടുംബത്തിന് ഇനി പിടിച്ചു നിൽക്കാനാകൂ. മുരളീധരന്റെ ഫോൺ നമ്പർ: 9562568573.