കണ്ണൂർ:കെട്ടിട നിർമ്മാണത്തിന് പിറകെ കിണർ പണിയും ഏറ്റെടുത്ത് കുടുംബശ്രീയിലെ ഒരു കൂട്ടം പെൺപടകൾ .പട്ടുവം സ്വദേശികളായ ഏഴ് സ്ത്രീകളാണ് തൊഴിലുറപ്പിന്റെ ഭാഗമായി പെരിങ്ങോം പഞ്ചായത്തിലെ ചൂരിക്കാട് തങ്കമണിക്ക് കിണർ പണി പൂർത്തീകരിച്ച് നൽകിയത്.ആദ്യമായ് ഏറ്റെടുത്ത കിണർ പണി വൻ വിജയമായതിന്റെ സന്തോഷത്തിലാണ് ഇൗ അഞ്ച് പേരും.പട്ടുവം സ്വദേശികളായ പി.വി.പ്രസന്ന,എ.ടി.വി.വത്സല,പി.വി.കല്ല്യാണി,പി.വി.രശ്മി,ലൈല പ്രസന്നൻ എന്നിവരാണ് കിണർ പണിക്ക് പിന്നിലെ പെൺപട.
തുടർന്നും ഇത്തരം നിർമ്മാണ പ്രവൃത്തികളുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.ആദ്യമായി ലോക്ക് ഡൗണിനു ശേഷമാണ് ഇവർ കിണർ പണി തുടങ്ങിയത്.മേയ് 12 ന് തുടങ്ങിയ പണി ജൂൺ 12 ന് പൂർത്തിയായി. ഏഴര അടി വരെയാണ് ഇവർ കുഴിച്ചത്.പടവ് കൊത്താൻ മാത്രമാണ് ഒരു സഹായിയുടെ ആവശ്യം വന്നത്.
കിണർ പണിക്കും കെട്ടിട നിർമ്മാണത്തിനും ആവശ്യമായ നിർദേശങ്ങൾ നൽകിയത് ഗിരീഷ് കുമാറും എൻജിനീയറായ നിധിഷയുമാണ്. നേരത്തെ തെങ്ങ് കയറി പരിചയമുള്ളത് കൊണ്ട് തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യാനൊന്നും തന്നെ ഭയമോ മടിയോ ഇല്ലെന്ന് സംഘത്തിലൊരാളായ പി.പി.പ്രസന്ന പറയുന്നു.ഭയമൊട്ടമില്ലെന്നാണ് മറ്റ് ആറുപേരും പറയുന്നത്..
വീട് നിർമ്മാണത്തിനും റെഡി
കുടുംബശ്രീയുടെ നേതൃത്വത്തിൽ കെട്ടിട നിർമ്മാണത്തിൽ ട്രെയിനിംഗ് കഴിഞ്ഞ് വിജയിച്ചതോടെയാണ് കിണർ പണിയിലേക്കിറങ്ങാനുള്ള ആത്മവിശ്വാസം ഇവർ നേടിയത്. നിർദ്ധനരായ മൂന്ന് കുടുംബങ്ങൾക്കാണ് കുടുംബശ്രീയിലെ ഈ പെൺകരുത്തുകൾ ചേർന്ന് ഓരോ വീട് വച്ച് നൽകിയത്.ആദ്യത്തെ വീട് മടക്കാംപൊയിലിൽ. രണ്ടാമത്തെ വീട് പട്ടുവത്ത് മിച്ചഭൂമിയിലും .മൂന്നാമത് വേങ്ങാട് പണി കഴിപ്പിച്ച വീടും ഗൃഹപ്രവേശനത്തിന് തയ്യാറായി. 28 പേരാണ് ആകെ കെട്ടിടപണിക്ക് ട്രെയിനിംഗ് കഴിഞ്ഞത് .ഇതിൽ ഏഴു പേരടങ്ങുന്ന സംഘമാണ് പിന്നീട് കിണർ പണി ഏറ്റെടുത്ത് പൂർത്തിയാക്കിയത്.നിർദ്ധനരയായ കുടുംബങ്ങൾക്ക് വേണ്ടിയാണ് വ്യക്തമായ മാനദണ്ഡ പ്രകാരം പഞ്ചായത്തിന്റെയും കുംടുംബശ്രീയുടെയും നേതൃത്വത്തിൽ ഇവർ വീട് വച്ച് നൽകുന്നത്.
കുംടുംബശ്രീയുടെ നേതൃത്വത്തിൽ നിർമ്മാണ മേഖലയിലെ ട്രെയിംഗ് ലഭിച്ചവരാണ് ഈ 28 പേരും.അത് കൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടില്ലാതെ കിണർ നിർമ്മാണവും നടത്താൻ സാധിച്ചു.ട്രെയിനിംഗിനു ശേഷം ഓരോ ഗ്രൂപ്പുകളായി തിരിക്കുകയായിരുന്നു.
എ.നിധിഷ,കൺസ്ട്രക്ഷൻ എൻജിനീയർ,കടുംബശ്രീ ജില്ലാമിഷൻ