കാഞ്ഞങ്ങാട്: കൊവിഡ് പരിശോധനാ ഫലം വരുന്നതുവരെ മൃതശരീരം ഇൻക്വസ്റ്റ് ചെയ്യില്ലെന്ന നിബന്ധന മൂലം പോസ്റ്റ്‌മോർട്ടത്തിന് കാലതാമസം വരുന്നതായി ആക്ഷേപം. അസ്വാഭാവിക മരണംമൂലം സംഭവിച്ച മൃതദേഹങ്ങളാണ് ഇങ്ങനെ പോസ്റ്റുമോർട്ടം കാത്തുകിടക്കുന്നത്.
മൃതദേഹങ്ങളിൽനിന്ന് സ്രവം ശേഖരിച്ച് ഫലം വരണമെങ്കിൽ സാധാരണനിലയിൽ രണ്ടു ദിവസം വേണ്ടിവരും. പൊലീസ് നടപടി പൂർത്തിയാക്കാതെ പോസ്റ്റ്‌മോർട്ടം നടപടി സ്വീകരിക്കാൻ ആശുപത്രി അധികൃതർക്കുമാകില്ല. ദൂരദിക്കുകളിൽനിന്ന് മൃതദേഹവുമായി എത്തിയവർ ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
രോഗവ്യാപനമുണ്ടായ സ്ഥലങ്ങളിൽ നിന്നെത്തിയവർ, വിദേശത്തുനിന്ന് വന്ന് ക്വാറന്റൈനിൽ കഴിയവേ മരിച്ചവർ എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടത്തുന്നതിനു മുമ്പ് സ്രവ പരിശോധന നടത്താറുണ്ട്. ആശുപത്രിയിൽ എത്തുന്ന പോസ്റ്റ്‌മോർട്ടം കേസുകളിലെല്ലാം സ്രവപരിശോധന വേണമെന്ന നിലപാടാണ് ആശുപത്രി അധികൃതരെയും ബന്ധുക്കളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതെന്ന് പറയുന്നു. നേരത്തെ അപകടങ്ങളിൽ പരിക്കേറ്ര് ആശുപത്രിയിലെത്തിയവർക്ക് പോലും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും പറയുന്നു.
നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്താനുണ്ട്. ഇവയുടെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഇന്നോ നാളെയോ മാത്രമെ നടക്കുകയുള്ളു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇത്രയും ദിവസം കടുത്ത മനപ്രയാസത്തിലൂടെ കടന്നുപോകേണ്ടിവരികയാണെന്നാണ് ഇതിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.