കാസർകോട്: റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ എത്തിയ ദിവസം കാസർകോട് ജില്ലയിൽ അടഞ്ഞുകിടന്നത് 43 വില്ലേജ് ഓഫീസുകൾ. വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്യാൻ മറ്റു ജീവനക്കാർ എത്തിയപ്പോൾ അവർക്ക് ജോലി ചെയ്യാനുള്ള അവസരം പോലും നിഷേധിച്ച് ഓഫീസ് അടച്ചുപൂട്ടി വില്ലേജ് ഓഫീസർമാർ താക്കോലുമായി സ്ഥലം വിടുകയായിരുന്നു. ജൂൺ മൂന്നിനാണ് സംഭവമുണ്ടായത്.
അതിനിടെ കഴിഞ്ഞ മാസം 20 ന് ജില്ലയിൽ എത്തിയ മന്ത്രിക്ക് വില്ലേജ് ഓഫീസർ പ്രോട്ടോകാൾ ലംഘിച്ചു നിവേദനം നൽകിയതും വിവാദമായിട്ടുണ്ട്. ഒരു ജീവനക്കാരന് മേലധികാരി മുഖേന മാത്രമാണ് മന്ത്രിക്ക് നിവേദനം നല്കാൻ അധികാരമുള്ളത്. അതേസമയം മാസ് പെറ്റീഷനുകൾ നൽകാമെന്ന് പറയുന്നു. ശമ്പളം വെട്ടികുറച്ചതുമായി ബന്ധപ്പെട്ടു സമരത്തിലുള്ള ഒരു വിഭാഗം വില്ലേജ് ഓഫീസർമാർ റവന്യു വകുപ്പ് മന്ത്രിയോട് പ്രതിഷേധം പ്രകടിപ്പിക്കാൻ അദ്ദേഹം കാസർകോടുള്ള ദിവസം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
ഹൊസ്ദുർഗ് താലൂക്കിലെ 22 വില്ലേജ് ഓഫീസുകളും കാസർകോട്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിലെ 21 വില്ലേജ് ഓഫീസുകളുമാണ് ഒരു ദിവസം മുഴുവൻ അടഞ്ഞുകിടന്നത്. കൊവിഡ് ദുരിതവും കാലവർഷ കെടുതിയുമുള്ള സമയത്ത് ഒരുവിഭാഗം വില്ലേജ് ഓഫീസർമാർ കാണിച്ചത് ഗുരുതരമായ കൃത്യവിലോപമെന്ന് വ്യക്തമായിട്ടും ഇവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ റവന്യു വകുപ്പിൽ പ്രതിഷേധമുണ്ട്. ശമ്പളം വെട്ടിക്കുറച്ച നടപടിയിൽ സമരം നടത്താൻ വില്ലേജ് ഓഫീസർമാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് റവന്യു ഭാരവാഹികൾ കാസർകോട് കളക്ടർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കളക്ടറും ഡി. എം .ഒയും അനുമതി നിഷേധിച്ചു. തുടർന്ന് അവധി എടുത്തു പ്രതിഷേധിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇവർ അവധി എടുത്താൽ ഓഫീസുകൾ അടഞ്ഞുകിടക്കാതെ നോക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ, തഹസിൽദാർമാർക്ക് നോട്ടീസ് നൽകിയിരുന്നു. ഈ സമയത്ത് റവന്യു ജീവനക്കാർ സമരം ചെയ്യാൻ പാടില്ലെന്ന സർക്കാർ ഉത്തരവും നിലവിലുണ്ട്. ഹെഡ് ക്ലർക്കിന് തുല്യമായ തസ്തികയാണ് വില്ലേജ് ഓഫീസർമാരുടേത്. അതിനാൽ ഹെഡ് ക്ലർക്കിന് നൽകുന്ന ശമ്പളം മാത്രം വില്ലേജ് ഓഫീസർമാർക്കും നൽകിയാൽ മതിയെന്നാണ് ധനകാര്യവകുപ്പിന്റെ നിലപാട്.
ഇതിനെതിരെയാണ് വില്ലേജ് ഓഫീസർമാരിൽ ഒരു വിഭാഗം പ്രതിഷേധവുമായി ഇറങ്ങിയത്.
മന്ത്രി എത്തിയദിവസം അടഞ്ഞുകിടന്നത്
ഹോസ്ദുർഗ് താലൂക്കിൽ 22 വില്ലേജ് ഓഫീസുകൾ
മറ്റ് മൂന്ന് താലൂക്കുകളിൽ 21 വില്ലേജ് ഓഫീസുകൾ