uppu-ve
തൈക്കടപ്പുറം അഴിത്തല ജലനിധിഗ്രാമീണ ശുദ്ധജല പദ്ധതി.

കാഞ്ഞങ്ങാട്: കനത്ത മഴപെയ്യുന്ന കാലത്തും അഴിത്തലക്കാർക്ക് കുടിക്കാൻ ഉപ്പ് വെള്ളം മാത്രം. 140 കുടുംബങ്ങൾക്കാണ് പൈപ്പ് വഴി ഉപ്പുവെള്ളം ലഭിക്കുന്നത്. ഇവരുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നടപ്പിലാക്കിയ അഴിത്തല ജലനിധി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി നോക്ക് കുത്തിയായി. ഉപ്പ് വെള്ളം ശുദ്ധീകരിച്ച് പൈപ്പ് വഴി ഓരോ വീട്ടിലും എത്തിക്കുന്ന പദ്ധതിയാണ് ഇപ്പോൾ അനാഥമായി കിടക്കുന്നത്.

അഴിത്തല പ്രദേശം മുമ്പ് പടന്ന പഞ്ചായത്തിലായിരുന്നു. ആറ് വർഷം മുമ്പത്തെ പടന്ന പഞ്ചായത്ത് ഭരണസമിതിയാണ് ലോകബാങ്ക് സഹായത്തോടെ കോടികൾ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കിയത്. ഇതിനായി കൂറ്റൻ വാട്ടർ ടാങ്കും, ഉയർന്ന എച്ച്.പി. മോട്ടോർ, ഉപ്പു വെള്ളം ശുദ്ധീകരിക്കുന്ന യന്ത്രം എന്നിവ സ്ഥാപിച്ചിരുന്നു. അതെല്ലാം ഇപ്പോൾ തുരമ്പെടുത്തു.

അഴിത്തല ഇപ്പോൾ നീലേശ്വരം നഗരസഭയിൽ ഉൾപ്പെടുത്തിയിട്ടും പദ്ധതി വീണ്ടും നടപ്പിലാക്കുവാൻ ഇവരും തയ്യാറായില്ല. നഗരസഭ അധികൃതർ ലോറിയിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും 140 കുടുംബങ്ങൾക്ക് ഇത് തികയില്ലെന്നാണ് പറയുന്നത്.

തകരാർ പരിഹരിക്കാൻ

ആരുമെത്തിയില്ല

യന്ത്രങ്ങൾ സ്ഥാപിച്ചത് ചെന്നൈയിലുള്ള ഒരു സ്വകാര്യ കമ്പനിയാണ്. തുടക്കത്തിൽ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് മോട്ടോറുകൾക്കും മറ്റ് യന്ത്രങ്ങൾക്കും തകരാർ സംഭവിച്ചു. ഇത് റിപ്പയർ ചെയ്യാൻ കമ്പനി അധികൃതർ വരാൻ തയ്യാറായില്ല. ഇതോടെ ശുദ്ധജല വിതരണ പദ്ധതി പൂർണമായും നിലച്ചു. ഇതിനായി രൂപീകരിച്ച നാട്ടുകാരുടെ ജനകീയ കമ്മിറ്റി ബന്ധപ്പെട്ടവരെയെല്ലാം പദ്ധതി നിലച്ച കാര്യം അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.


നീലേശ്വരം നഗരസഭയുടെ തീരദേശത്തുള്ള അഴിത്തലയിൽ ജനങ്ങൾക്ക് ശുദ്ധജലം കിട്ടാത്തത് സംബന്ധിച്ച് അന്വേഷിക്കും. നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ വാട്ടർ അതോറിറ്റി ഉൾപ്പെടെ ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. അതിൽ അപാകത വരുമ്പോൾ അവർ തന്നെയാണ് അത് പരിഹരിക്കേണ്ടത്.

പ്രൊഫ. കെ.പി ജയരാജൻ, നഗരസഭ ചെയർമാൻ

അഴിത്തലയിൽ ശുദ്ധജല വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നു. ഇരുചക്ര വാഹനങ്ങളിൽ കാനുകളിൽ വെള്ളം നിറച്ച് കൊണ്ടുവരുന്നുമുണ്ട്.

കെ. പ്രകാശൻ, വാർഡ് കൗൺസിലർ