chendumalli
തില്ലങ്കേരി വാഴക്കാലിൽ ചെണ്ടുമല്ലി നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുഭാഷ് തൈ നട്ട് ഉദ്‌ഘാടനം ചെയ്യുന്നു.

മട്ടന്നൂർ: കൊവിഡ് മഹാമാരിക്കിടയിൽ വിറങ്ങലിച്ചു നിന്ന കാർഷിക മേഖലയ്‌ക്ക് പുത്തൻ പ്രതീക്ഷകളുടെ പൊൻപ്രഭ ചൊരിയാൻ ചെണ്ടുമല്ലികൃഷി. തില്ലങ്കേരി വാഴക്കാൽ ഉന്നമുള്ള ചാലിൽ ഏകത സ്വയം സഹായസംഘം കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് ഓണത്തിന് ഒരു കൊട്ട പൂവിനായി ചെണ്ടുമല്ലി നട്ടത്. വറുതിയുടെ കർക്കിടകവും കഴിഞ്ഞ് ചിങ്ങമെത്തുമ്പോൾ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണദിനങ്ങളെ വരവേൽക്കാനാണ് ഏകദേശം 3 ഏക്കറോളം സ്ഥലത്ത് ചെണ്ടുമല്ലികൃഷി ആരംഭിച്ചത്.

കഴിഞ്ഞവർഷം കലിതുള്ളി പെയ്ത കാലവർഷം സമ്മാനിച്ച പ്രളയചിത്രങ്ങൾക്കിടയിൽ ആശ്വാസമായാണ് ചെണ്ടുമല്ലികൾ തില്ലങ്കേരിയിൽ പൂവിട്ടത്. ഓണത്തിന് പ്രദേശികമായി പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന "ഓണത്തിന്‌ ഒരു കൊട്ട പൂവ് " പദ്ധതിയുടെ ഭാഗമായാണ് തില്ലങ്കേരിയിൽ ചെണ്ടുമല്ലികൃഷി തുടങ്ങിയത്.

പുഷ്പകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സബ്സിഡിയിൽ ഗുണമേന്മയുള്ള ചെണ്ടുമല്ലി തൈകൾ കൃഷിഭവൻ പരിധിയിൽ ഉള്ള കാർഷിക ഗ്രൂപ്പുകൾക്കാണ് ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തത്. തില്ലങ്കേരി ഗ്രാമ പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം ചെണ്ടുമല്ലി കൃഷിക്ക് തുടക്കം ഇട്ടതെങ്കിലും "ഓണത്തിന് ഒരു കുട്ട പൂവ് " പദ്ധതിയിലൂടെ ഈ വർഷവും ഓണത്തിന് ഒരുപാട് കുട്ട ചെണ്ടുമല്ലി പൂവ് പറിക്കാം എന്ന പ്രതീക്ഷയിലാണ് യുവ കർഷകരും നാട്ടുകാരും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുഭാഷ് തൈ നട്ട് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ മാർഗരറ്റ് ജോസ് അധ്യക്ഷത വഹിച്ചു. നാലാം വാർഡ് മെമ്പർ യു.സി നാരായണൻ, കൃഷി ഓഫീസർ ടി.വി അനുപമ, കെ.ഇ നവീൻ, പി. ജയേഷ്, പി. നാരായണൻ, കെ.ഇ. നകുൽ, കെ. ശരത്, കെ.വി. ഉദയൻ, എം.വി ശ്രീധരൻ, പി.എം അക്ഷയ്, കെ. അനൂപ് എന്നിവർ സംസാരിച്ചു.