കാസർകോട്: യോഗം അംഗീകരിച്ച ലിസ്റ്റിൽ കൂട്ടിച്ചേർത്തവരെ ഒഴിവാക്കി ഡി.സി.സി വനിതാ ഭാരവാഹി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയംഗങ്ങളുടെ ലിസ്റ്റ് വാട്സ് ആപ്പിൽ പുറത്തുവിട്ടതിനെ തുടർന്ന് ഉദുമ ബ്ളോക്ക് പ്രസിഡന്റ് സ്ഥാനം രാജൻ പെരിയ രാജിവച്ച സംഭവത്തിൽ കെ.പി.സി.സിയുടെ ഇടപെടൽ. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും നിർദ്ദേശിച്ചതനുസരിച്ച് കാസർകോട് ജില്ലയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറൽസെക്രട്ടറി ജി.രതികുമാർ ഇരുനേതാക്കളെയും വിളിച്ച് വിഷയം ചർച്ച ചെയ്തു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സാമുദായിക,ഗ്രൂപ്പ് സമവാക്യങ്ങൾ തെറ്റിച്ച് പ്രശ്നം ഗുരുതരമാക്കാൻ ഇടവരുത്തരുതെന്ന നിർദ്ദേശമാണ് കെ.പി.സി.സിയിൽ നിന്നുണ്ടായിരിക്കുന്നത്. രാജൻ പെരിയ സ്ഥാനത്ത് തുടരണമെന്നും നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ പേർ രാജിവെക്കുന്ന സാഹചര്യമുണ്ടായാൽ അത് തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഡി.സി.സി നേതൃത്വത്തിനും ബോദ്ധ്യമായിട്ടുണ്ട്.
ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ അംഗീകരിച്ചു നൽകിയ ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുനഃസംഘടിപ്പിച്ച ലിസ്റ്റ് കഴിഞ്ഞ 26 ന് ചട്ടഞ്ചാലിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് അവതരിപ്പിച്ചത്.
ആറു വൈസ് പ്രസിഡന്റുമാരെയും 36 ജനറൽ സെക്രട്ടറിമാരെയുമാണ് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ നിയമിച്ചത്. ഈ ലിസ്റ്റിൽ സജീവപ്രവർത്തകരായ രണ്ടുപേരെ കൂട്ടിച്ചേർക്കണമെന്ന രാജൻ പെരിയയുടെ ആവശ്യം അംഗീകരിച്ചെങ്കിലും ഡി.സി.സി പ്രസിഡന്റ് ആദ്യം നൽകിയ പട്ടികയാണ് ഡി.സി.സി ജനറൽസെക്രട്ടറിയായ ഗീതാകൃഷ്ണൻ വാട്സ്ആപ് ഗ്രൂപ്പിലിട്ടത്. രാജൻ പെരിയ നൽകിയ രണ്ടുപേരെ ഭാരവാഹികളായി അംഗീകരിച്ച യോഗത്തിൽ ഗീതാകൃഷ്ണനും സംബന്ധിച്ചിരുന്നു. ഇതാണ് രാജിക്ക് പ്രകോപനമായത്.
ജില്ലയിലെ 11 ബ്ലോക്കുകളിൽ മൂന്ന് ബ്ലോക്ക് കമ്മിറ്റികൾക്ക് മാത്രമാണ് പുതിയ പ്രസിഡന്റുമാരെ നിശ്ചയിച്ചിരുന്നത്. 8 ഇടത്തും പഴയ പ്രസിഡന്റുമാർ തുടരുകയാണ്. കെ.പി.സി.സി നിർദ്ദേശത്തിന് വിരുദ്ധമായി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവരെ കൂടുതലായി ചേർത്ത് ജംബോ കമ്മറ്റികളാണ് എല്ലാ ബ്ലോക്കുകളിലും ഡി.സി.സി നിയമനം നൽകിയത്.