തലശ്ശേരി: അനധികൃത ഭക്ഷ്യ വിഭവ വിൽപനക്കെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ രംഗത്ത്. നിയമം അനുശാസിക്കുന്ന രീതിയിൽ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് ഈ അടുത്ത കാലത്തായി വിവിധ ഇടങ്ങളിൽ നിന്നും ബിരിയാണി ഉൾപ്പെടെയുള്ളവ റോഡരികിലും വാഹനങ്ങളിലുമായി വിൽപന നടത്തുന്നത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആർ.ടി.ഒ, ഭക്ഷ്യ സുരക്ഷ വിഭാഗം മുൻസിപ്പൽ ചെയർമാൻ, മുൻസിപ്പൽ സെക്രട്ടറി, ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകിയതായി തലശ്ശേരി യൂണിറ്റ് പ്രസിഡന്റ് കെ. അച്യുതൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ കുമിളുകൾ കണക്കെ പ്രതിദിനം മുളച്ചു പൊങ്ങുന്ന ഇത്തരം വഴിയോരക്കച്ചവടക്കാർക്കെതിരെ മുമ്പും പരാതി നൽകിയിട്ടും പരിഹാര മുണ്ടായില്ലെന്നും അച്യുതൻ ചൂണ്ടിക്കാട്ടി. ലക്ഷങ്ങൾ ചെലവിട്ടാണ് ഹോട്ടലുകൾ നടത്തിവരുന്നത് . ഇവയെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളും കഷ്ടതയിലാണ്. അനധികൃത ഭക്ഷണ വിൽപന നടത്തുന്നവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. കെ.പി ഷാജി, നാസർ ജൂബിലി , സി.സി.എം മഷൂർ, ജയചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.