പഴയങ്ങാടി: ചീറിപ്പായുന്ന ബൈക്കുകൾ മാട്ടൂൽ -പഴയങ്ങാടി മെക്കാഡം റോഡിൽ നിരപരാധികളുടെ ജീവനുകളുമെടുക്കുന്നു. അമിതവേഗതയ്ക്കും അലക്ഷ്യമായ ഡ്രൈവിംഗിനും കുറവില്ലെന്നാണ് പരാതി. പിഞ്ചുബാലനടക്കമുള്ള അഞ്ചു കാൽനടക്കാരുടെ വിലപ്പെട്ട ജീവനുകളാണ് ബൈക്ക് അപകടത്തിൽപെട്ട് ഇതിനകം മരിച്ചത്. ഗുരുതരമായി പരിക്കേറ്റവർ വേറെയും.

അപകടം വരുത്തുന്ന ബൈക്കുകൾ ഓടിക്കുന്നതിൽ ഗണ്യമായ വിഭാഗം യുവാക്കളും കൗമാരക്കാരുമാണ്. ലൈസൻസ് ഇല്ലാത്തവർ ഉണ്ടാക്കുന്ന അപകടമാണെങ്കിൽ പലപ്പോഴും ജീവൻ നഷ്ടപെട്ട കേസുകളിൽ പോലും നഷ്ടപരിഹാരമോ തുടർ നടപടികളോ ഉണ്ടാവുന്നില്ല. മിക്ക അപകടങ്ങൾക്കും പ്രധാന കാരണം അമിതവേഗതയാണെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ബൈക്കുകളുടെ പരമാവധി വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയാണ്. എന്നാൽ മാട്ടൂൽ - പുതിയങ്ങാടി - പഴയങ്ങാടി റോഡിൽ ബൈക്കുകൾ ചീറിപ്പായുന്നത് 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ്. പലപ്പോഴും വൻ അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. മഴക്കാലമായതോടെ അപകട സാദ്ധ്യത കൂടുതൽ ആണെങ്കിലും ബൈക്കുകളുടെ ചീറിപാച്ചലിന് കുറവൊന്നും ഇല്ല. ഇതിന് മൂക്കുകയർ അധികൃതർ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബൈക്കിൽ പരീക്ഷണമരുതേ..

പ്രായപൂർത്തിയാവാത്ത കുട്ടികൾ ബൈക്കുകൾ ഓടിക്കുന്നതിന് ഒരു പരിധിവരെ രക്ഷിതാക്കൾ തന്നെയാണ് ഉത്തരവാദികളെന്നാണ് പറയുന്നത്. കുട്ടികൾക്ക് ബൈക്ക് ഓടിക്കാൻ അനുമതി നൽകുക വഴി സ്വന്തം മക്കളുടെ ജീവനും നാട്ടുകാരുടെ ജീവനും കൊണ്ടാണ് പന്താടുന്നതെന്ന ബോധം പല രക്ഷിതാക്കളിലുമില്ല. പ്രായപൂർത്തിയാവാതെ ബൈക്ക് ഓടിക്കുന്നവരെ നിയന്ത്രിക്കാൻ ശക്തമായ നിയമം ഇല്ലാത്തതു കാരണം പൊലീസ് പിടിച്ചാൽ പിഴ ഒടുക്കി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. പഴയങ്ങാടി പൊലീസ് ശക്തമായ വാഹന പരിശോധന നടത്തുന്നുണ്ടെങ്കിലും അതെന്നും ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

വേഗത 80 മുതൽ 100 കിലോമീറ്റർ വരെ

പൊലിഞ്ഞത് പിഞ്ചുകുഞ്ഞിന്റേത് ഉൾപ്പെടെ 5 ജീവനുകൾ