police

കാസർകോട്: ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുണ്ടായിരുന്ന മേൽപ്പറമ്പയിൽ അവധിയും വിശ്രമവും ഇല്ലാതെ ജോലിനോക്കിയതിനെ തുടർന്ന് ഹൃദയാഘാതം വന്ന് ആശുപത്രിയിലായ എസ്.ഐ ആരോഗ്യം വീണ്ടെടുത്തപ്പോൾ ഫേസ് ബുക്കിൽ പ്രതികരിച്ചത് ഇങ്ങനെ:

`മാർച്ച് മാസം മുതൽ ഇതുവരെ അവധിയും ഓഫും നിഷേധിച്ച മേലുദ്യോഗസ്ഥനെയും ഓഫീസ് സ്റ്റാഫിനെയും സ്മരിക്കുന്നു'

" ഇത് പുതിയൊരു ഉയിർത്തെഴുന്നേൽപ്പാണ്‌, ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. കണ്ണൂർ മിംസ് ആശുപത്രിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, ജീവനക്കാർ, എന്റെ സഹപ്രവർത്തകർ, എന്നെ ഒരു മണിക്കൂർ കൊണ്ട് കണ്ണൂരിൽ എത്തിച്ച ആ നല്ല ഡ്രൈവർ.. ദൈവത്തോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി.അല്ലെങ്കിൽ ജൂൺ മൂന്നിന് പുലർച്ചെ 1.30 മണിക്ക് മറ്റൊന്ന് സംഭവിച്ചേനെ. രാത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ ഉടൻ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഒറ്റയ്ക്ക് സ്വന്തം കാറോടിച്ചു നഴ്‌സിംഗ് ഹോമിലേക്ക് പോയി. പെട്ടെന്നാണ് നില വഷളായത്. കണ്ണൂരിൽ എത്തിച്ച് ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും കഴിഞ്ഞു. ഇപ്പോൾ സുഖമായിരിക്കുന്നു''. കുറിപ്പിൽ പറയുന്നു.

അവധി ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്നതിൽ പൊലീസിൽ പൊതുവെ മുറുമുറുപ്പുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പ്രതികരണം. ആരോഗ്യവകുപ്പ് ജീവനക്കാർക്കുവരെ അവധി കൊടുക്കുമ്പോൾ, പൊലീസിന് നിഷേധിക്കുന്നതിലാണ് എതിർപ്പ്.