കാസർകോട് : യതീംഖാനയിൽ നിന്ന് വീട്ടിലെത്തിയ നെല്ലിക്കട്ടയിലെ അഹമ്മദ് - നസീമ ദമ്പതികളുടെ അഞ്ചു കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങില്ല. കാസർകോട് ചൈൽഡ് വെൽഫയർ കമ്മിറ്റിയും ചെറുവത്തൂരിലെ മനുഷ്യസ്നേഹികളും കൈകോർത്തപ്പോൾ ടിവിയും ചാനൽ ഡിഷും, പുസ്‌തക സാമഗ്രികളും നെല്ലിക്കട്ട ബിലാൽ നഗറിലെ വീട്ടിലെത്തി.

കൊവിഡ്19 ജാഗ്രതയുടെ ഭാഗമായിട്ടാണ് കാഞ്ഞങ്ങാട് യതീംഖാനയിൽ താമസിച്ചുപഠിച്ചിരുന്ന ഷയാസ്, സിനാൻ, റാഷിദ്, അജ്‌മൽ, അർഷാദ് എന്നിവർ വീട്ടിലെത്തിയത്. . ഉമ്മ നസീമ ഒന്നര വയസ്സും 22 ദിവസം പ്രായമുള്ളതുമായ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിനെ തുടർന്ന് സി.ഡബ്ല്യൂ.സി ഉത്തരവിലാണ് കുട്ടികളെ യത്തീം ഖാനയിൽ പ്രവേശിപ്പിച്ചത്. മാനസിക അസ്വാസ്ഥ്യം ഉള്ളതിനാൽ കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. നസീമ ഇപ്പോൾ ചികത്സയിലുമാണ്. 50 വയസ്സുള്ള അഹ്‌മദ് കൂലിപ്പണിയെടുത്താണ് ഈ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇരുപതുകാരനായ മൂത്ത മകൻ സാക്കിർ കൊച്ചിയിൽ ഷൂട്ടിംഗ് സഹായിയായി ജോലി ചെയ്യുകയായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ഈ യുവാവും വീട്ടിലാണിപ്പോൾ. നാലുവയസുകാരനായ ഇളയ കുട്ടി അൻവർ സാദിഖ് അംഗൻവാടിയിലുമാണ്.

ടിവി വാങ്ങാനുള്ള സാമ്പത്തിക അവസ്ഥ ഇല്ലാത്തതിനാൽ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യത്തിലാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയംഗം അഡ്വ കെ. രജിതയാണ് കുട്ടികളുടെ ദുരിതം ചെറുവത്തൂരിലെ സി.ഐ.ടി.യു പ്രവർത്തകനായ ഓട്ടോ തൊഴിലാളി എം. പി .മനോജ് കുമാറിനെ അറിയിച്ചത്. റെയിൽവേ ഗേറ്റ് ബോയ്‌സ് ടിവി നൽകിയപ്പോൾ ഷൈജു, ദിനേശൻ, അമീർ എന്നിവർ പുസ്‌തകങ്ങളും മറ്റ് പഠനസാമഗ്രികളും നൽകി. സി ഡബ്ല്യൂ സി ചെയർപേഴ്‌സൻ അഡ്വ. പി .പി. ശ്യാമളാദേവി കുട്ടികൾക്ക് ടി.വി. കൈമാറി. അംഗങ്ങളായ അഡ്വ .കെ. രജിത, അഡ്വ എ. കെ. പ്രിയ എന്നിവരും എം. വി. ഉദ്ദേശ് കുമാർ, രാമചന്ദ്രൻ മടിവയൽ എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു