മാഹി: കൊവിഡ് സാമൂഹ്യ വ്യാപനം നടത്തിയ തമിഴ്നാട്ടിലെ ആവഡിയിൽ നിന്നും സ്വന്തം ജീവൻ പണയപ്പെടുത്തി 37 മലയാളികുടുംബങ്ങളെ സ്വന്തം വീടുകളിലെത്തിച്ച ഒരു ഡ്രൈവറുണ്ട് ചെന്നൈയിൽ. മാഹി പന്തക്കൽ സ്വദേശി വളളിൽ ഗണേഷ് ബാബു.ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെയും കെ.എസ് ചിത്രയുടെയും വിശ്വസ്തനായ ഈ മുൻ ഡ്രൈവറുടെ കൊവിഡ് കാലത്തെ ഓരോ യാത്രയും ആശങ്കയിൽ നിന്ന് ആശ്വാസത്തിന്റെ തീരത്തേക്കാണ്.
ലോക്ക് ഡൗണിന്റെ ആദ്യമാസം സ്റ്റിയറിംഗിൽ കൈവെക്കാതിരുന്ന ഗണേഷ് വീട്ടിൽ വിശ്രമത്തിലായിരുന്നു.
അച്ഛന്റെ മൃതദേഹവുമായി കണ്ണീരുമായി നിന്ന അയൽവാസിയായ സ്ത്രീയ്ക്ക് വേണ്ടിയാണ് ആദ്യം ഇറങ്ങിയത്. കളക്ട്രേറ്റിൽ പോയി ഇപാസ് വാങ്ങി, ആംബുലൻസിന് അകമ്പടിയായി നാഗർകോവിലെത്തി. ശവദാഹവും കഴിഞ്ഞാണ് അന്ന് മടങ്ങിയത്.അതിൽ പിന്നീട് വിവിധ സന്നദ്ധ സംഘടനകളുടെ ആവശ്യപ്രകാരം ഒട്ടേറെ പേരെ നാട്ടിലെത്തിച്ചു. മരണഭീതിയിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസമായിരുന്നു പലർക്കും . വൃദ്ധരും ഗർഭിണികളുമടക്കം കൈക്കുഞ്ഞുങ്ങൾ വരെ ഈ യാത്രകളിലുണ്ടായിരുന്നു. ഇത്രമേൽ ആശങ്കകളോടെയും ഭയപ്പാടോടെയും ആളുകൾ മുമ്പൊരിക്കലും തന്റെ കാറിൽ സഞ്ചരിച്ചിട്ടില്ലെന്ന് ഗണേഷ് പറയുന്നു.
ചുറ്റിലും കൊവിഡ് പടർന്ന് പിടിച്ചപ്പോൾ ടി.നഗറിലെ 18 അപ്പാർട്ട്‌മെന്റുകളിലെ 17 കുടുംബങ്ങളും സ്വന്തം നാട്ടിലേക്ക് മടങ്ങി. രാജ്യത്തെ 63 ഓളം പ്രശസ്ത കലാകാരന്മാരുടെ സഞ്ചാരവഴികളിൽ സാരഥിയായിട്ടുള്ള ഗണേഷ് കുമാർ ഇപ്പോൾ ഉപയോഗിക്കുന്ന കാർ 2013 വരെ കെ.എസ്.ചിത്ര ഉപയോഗിച്ചതാണ്. യാത്രകളിൽ ഗണേഷിന് തളരാത്ത ആത്മവീര്യവും, ഉണർവ്വും നൽകി സ്റ്റീരിയോവിൽ യേശുദാസിന്റെയും കെ.എസ് ചിത്രയുടേയും ഗാനങ്ങളും കൂട്ടിനുണ്ടാകും.