കണ്ണൂർ: പ്രകൃതിദുരന്തങ്ങളുടെ ഭീഷണി നിലനിൽക്കുമ്പോഴും പ്രത്യേക പരിശീലനം നേടിയ കോസ്റ്റൽ വാർഡർമാരുടെ നിയമന കാലാവധി നീട്ടുന്നില്ല. കായിക ശേഷിയുള്ള തിരഞ്ഞെടുക്കപ്പെട്ട മത്സ്യ തൊഴിലാളികളെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം നൽകിയാണ് പൊലീസ് സേനയ്ക്ക് കീഴിൽ കോസ്റ്റൽ വാർഡർമാരെ നിയമിച്ചത്. മറ്റു ജില്ലകളിൽ നിലവിലുള്ളവരെ തന്നെ ജോലിയിൽ തുടരാൻ അനുവദിക്കുമ്പോൾ തുടർനിയമന ഉത്തരവ് ഇറങ്ങാത്തതിനാൽ കണ്ണൂർ, കാസർകോട് ജില്ലയിലുള്ളവരോട് ജോലിയിൽ തുടരാൻ കഴിയില്ലെന്നാണ് അധികൃതർ അറിയിച്ചത്.
2018ലെ പ്രളയത്തിൽ മത്സ്യ തൊഴിലാളികൾ നടത്തിയ മികച്ച രക്ഷാ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് സേനയ്ക്ക് കീഴിൽ കോസ്റ്റൽ വാർഡർമാരെന്ന പ്രത്യേക സംഘം രൂപീകരിച്ചത്. തൃശൂർ പൊലീസ് അക്കാഡമിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സ്യതൊഴിലാളികളും ആശ്രിതരും അടങ്ങുന്ന 177 പേർക്കാണ് പ്രത്യേക പരിശീലനം നൽകിയത്. നീന്തൽ, രക്ഷാപ്രവർത്തനം, തീരദേശ പട്രോളിംഗ് എന്നിവ ഉൾപ്പെടുത്തി നാല് മാസത്തെ പരിശീലനമാണ് നൽകിയത്. ഇവരുടെ പാസിംഗ് ഔട്ട് ഉൾപ്പെടെ കഴിഞ്ഞിരുന്നു.
അത്യാവശ്യം വന്നപ്പോൾ സേവനമില്ലാതാകും
2019 ജൂലായ് ഒന്നിന് കോസ്റ്റൽ വാർഡൻ നിയമന ഉത്തരവ് വന്നു. എന്നാൽ 2020 ജൂൺ 30 വരെ മാത്രമാണ് നിയമനത്തിന്റെ കാലാവധി. തുടർനിയമന ഉത്തരവ് ഇതുവരെ വന്നിട്ടില്ലാത്തതാണ് നിലവിൽ സംഘത്തിന് തിരിച്ചടിയായത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രളയ സാദ്ധ്യതയും ഏറെയാണ്. ഇത്തരമൊരു സംഘത്തിന്റെ സേവനം എന്തുകൊണ്ടും അത്യാവശ്യമായ ഘട്ടത്തിലാണ് സർക്കാർ തുടർനിയമന ഉത്തരവ് വൈകിപ്പിക്കുന്നത്. സർക്കാർ ഉത്തരവില്ലാതെ ഇവരെ സേനയിൽ തുടരുന്നത് അനുവദിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പൊലീസ്.
കോസ്റ്റൽ വാർഡർ നിയമന കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സംസ്ഥാന സർക്കാരിന് കത്ത് അയച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ഇതുവരെ ഉണ്ടായിട്ടില്ല.
ജില്ലയിൽ 16 പേർ
ജില്ലയിൽ കണ്ണൂർ അഴീക്കോട് സ്റ്റേഷന് കീഴിൽ 9 പേരും തലശ്ശേരി തലായി മാക്കൂട്ടം സ്റ്റേഷന് കീഴിൽ ആറുപേരുമുൾപ്പെടെ 16 പേർക്കാണ് കോസ്റ്റൽ വാർഡർ നിയമം ലഭിച്ചത്. കാസർകോട് 10 പേരുമുണ്ട്. നിയമനം നീട്ടി നൽകാത്തതിനാൽ ജോലിൽ തുടരേണ്ടെന്ന് അറിയിച്ചതോടെ ഇവർ ആശങ്കയിലാണ്. പ്രളയമുൾപ്പെടെ വരാനുള്ള സാദ്ധ്യത നിലനിൽക്കെ കടലിലും കരയിലും എന്തെങ്കിലും പ്രശ്നം വന്നാൽ മതിയായ രക്ഷാപ്രവർത്തനം ഇല്ലാത്തതും പ്രത്യേക പരിശീലനം ലഭിച്ച കോസ്റ്റൽ വാർഡർമാരുടെ അഭാവവും വലിയ ദുരന്തത്തിന് തന്നെ ഇട വരുത്തിയേക്കാമെന്നാണ് ഇവർ പറയുന്നത്.