കണ്ണൂർ: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ട കർശന നിയന്ത്രണങ്ങളോടെ സന്ദർശകർക്ക് തുറന്നു കൊടുത്തു. രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് സന്ദർശകരെ അനുവദിക്കുക. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ പ്രവേശനാനുമതി നൽകുന്നുള്ളു.
സെന്റ് ആഞ്ചലോസ് കോട്ടയടക്കം 3400 ചരിത്ര സ്മാരകങ്ങളാണ് ലോക്ക്ഡൗണിനെ തുടർന്ന് അടച്ചത്. ആർക്കയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ചരിത്ര സ്മാരകങ്ങൾ നിബന്ധനകളോട് കൂടി തുറക്കാനുള്ള അനുമതിക്ക് എ.എസ്.ഐയുടെ തൃശ്ശൂർ സർക്കിൾ ജില്ലാ കളക്ടർമാർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്‌ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്മാരകങ്ങളും കോട്ടകളും തുറക്കാനുള്ള അനുമതി ലഭിച്ചത്. കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള 39 സ്മാരകങ്ങളാണ് ആർക്കയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ തൃശ്ശൂർ സർക്കിളിലുള്ളത്.
തെർമ്മൽ സ്‌കാനർ ഉപയോഗിച്ച് താപനില പരിശോധിച്ച് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയതിന് ശേഷമാണ് സന്ദർശകരെ അകത്തേക്ക് കടത്തി വിടുക. കോട്ടയിൽ പ്രവേശിക്കുന്നതിനുള്ള ടിക്കറ്റുകൾ ക്യൂആർ കോഡ് സ്‌കാനർ ഉപയോഗിച്ച് ഓൺലൈൻ വഴി മാത്രമാണ് എടുക്കാൻ സാധിക്കുക. കോട്ടയ്ക്കുള്ളിൽ ഫോട്ടോയെടുക്കാൻ അനുവദിക്കില്ല. പാർക്കിംഗ്, കഫ്‌റ്രീരിയ പ്രവർത്തനം കൊവിഡ് പെരുമാറ്റ ചട്ടത്തിന് വിധേയമായിരിക്കും. ആദ്യ ദിവസമായതിനാൽ വളരെ കുറച്ച് സന്ദർശകർ മാത്രമാണ് ഇന്നലെ എത്തിയത്. വരും ദിവസങ്ങളിൽ സന്ദർശകർ കൂടുതലെത്താനാണ് സാദ്ധ്യത.