fake-certificate

കണ്ണൂർ: തലശ്ശേരി സബ് കളക്ടർ ആസിഫ് കെ.യൂസഫിന്റെ ഐ.എ.എസ് റദ്ദാക്കാൻ ശുപാർശ ചെയ്ത് കേന്ദ്ര പേഴ്സണൽ മന്ത്രാലയം സംസ്ഥാന സർക്കാരിന് കത്തയച്ചു. ഐ. എ. എസ് ലഭിക്കാൻ യഥാർത്ഥ കുടുംബ വരുമാനം മറച്ചുവച്ച് തീരെ കുറഞ്ഞ തുക രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വരുമാന സർട്ടിഫിക്കറ്റ് നൽകിയ അന്നത്തെ എറണാകുളം കണയന്നൂർ തഹസിൽദാർക്കെതിരെ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
ആസിഫിനെതിരെ കേന്ദ്രസർക്കാരിനെ സമീപിച്ച പരാതിക്കാരൻ വിജിലൻസിനെയും സമീപിച്ചിരുന്നു. വിജിലൻസ് ക്ളിയറൻസ് നൽകാത്തതിനാൽ ആസിഫിനെ സ്ഥിരപ്പെടുത്തിയിട്ടില്ല.

കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം എറണാകുളം ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ ആസിഫ് നൽകിയ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷയെഴുതിയ 2015ൽ തഹസിൽദാർ നൽകിയ സർട്ടിഫിക്കറ്റിൽ കുടുംബ വരുമാനം 1.8 ലക്ഷം രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. നോൺക്രീമിലെയർ ആനുകൂല്യം ലഭിക്കാനാണ് ഇങ്ങനെ ചെയ്തത്. കേരള കേഡറിൽ ഐ.എ.എസ് ലഭിച്ചത് ഈ ആനുകൂല്യത്തിന്റെ പശ്ചാത്തലത്തിലാണ്.

ആസിഫിന്റെ കുടുംബം ആദായ നികുതിയടയ്ക്കുന്നവരാണെന്നും പരീക്ഷയെഴുതുമ്പോൾ കുടുംബത്തിന്റെ വരുമാനം 28 ലക്ഷമാണെന്നും കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ തഹസിൽദാരുടെ അന്വേഷണ റിപ്പോർട്ടും ആദായനികുതി രേഖകളും ഉൾപ്പെടുത്തിയാണ് എറണാകുളം കളക്ടർ എസ്. സുഹാസ് ഈ റിപ്പോർട്ട് നൽകിയത്.