നീലേശ്വരം: മഴക്കാലമായാൽ യാത്ര മുടക്കുന്ന ഒരു റോഡാണ് അരയാക്കടവ്-കോളിക്കാൽ. 25 വർഷം മുമ്പ് പണിത ടാർ ചെയ്ത റോഡ് കഴിഞ്ഞ രണ്ടു വർഷമായി കാൽനട യാത്രയും ദുസ്സഹമാക്കുകയാണ്. നിരന്തര പരാതിയെ തുടർന്ന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 1.50 കോടി രൂപ യുടെ എസ്റ്റിമേറ്റിൽ റോഡ് കയറ്റം കുറച്ച് വീതി കൂട്ടി ടാർ ചെയ്യാൻ അനുമതിയായിരുന്നു. കണിയാട മുതൽ കിണാവൂർ വരെയാണ് ഇപ്പോൾ റോഡ് നവീകരണം. റോഡ് പണി പാതിവഴിയിലായതാണ് ഇക്കുറി ആളുകളുടെ യാത്ര മുടക്കുന്നത്.

റോഡ് നവീകരണത്തിന്റെ ഭാഗമായി രണ്ട് വർഷം മുമ്പ് തന്നെ ടാർ ചെയ്ത റോഡ് കുത്തി പൊളിക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് റോഡിന് വേണ്ടി മണ്ണെടുത്ത ഭാഗം ഇടിഞ്ഞ് വീഴയുണ്ടായി. മണ്ണിടിഞ്ഞ് വീണതോടെ ഇവിടെയുള്ള താമസക്കാർ പേടിച്ച് താമസം മാറുകയും ചെയ്തു. എന്നാൽ ഈ വർഷവും ബന്ധപ്പെട്ടവർക്ക് ഇടിഞ്ഞ ഭാഗം കെട്ടി സംരക്ഷിക്കാനോ റോഡ് പൂർത്തീകരിക്കാനോ കഴിഞ്ഞിട്ടില്ല.

ഇപ്പോൾ കാലവർഷം കനത്തതോടെ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങി യാത്ര ദുസ്സഹമായിരിക്കുകയാണ്. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ ഇത് വഴിയാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് .അഥവാ വരുന്ന ഇരുചക്രവാഹന യാത്രക്കാർ വഴുതി വീണ് അപകടങ്ങൾ വർദ്ധിക്കുന്നതും പതിവാണ്. ആർക്കെങ്കിലും പെട്ടെന്ന് ആശുപത്രിയിൽ പോകണമെങ്കിൽ അരയാക്കടവ് പാലത്തിന് സമീപത്തേക്ക് രോഗിയെ എടുത്ത് കൊണ്ട് പോകേണ്ടി വരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും തമ്മിലുള്ള ഒത്ത് കളിയാണ് റോഡിന്റെ പണി കഴിഞ്ഞ രണ്ടു വർഷമായി നീണ്ടുപോകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന റോഡിന്റെ പണി കഴിഞ്ഞ മാർച്ചിൽ തന്നെ തീരേണ്ടതായിരുന്നു. ഇതിനിടെ ലോക്ക് ഡൗൺ വന്നതാണ് പ്രവൃത്തി നീളാൻ ഇടയാക്കിയത്.

എ. വിധു ബാല,​ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്