കാഞ്ഞങ്ങാട്: ആൾ താമസമില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച. അഞ്ചു പവൻ സ്വർണവും 5000 രൂപയുമാണ് മോഷണം പോയത്. അബുദാബിയിൽ ജോലി ചെയ്യുന്ന ഉദയപുരം കോടോത്തെ പി.കെ മധുവിന്റെ വീട്ടിലാണ് മോഷണം. മധുവിന്റെ ഭാര്യയും കുഞ്ഞും ജൂൺ 16 ന് സ്വന്തംവീടായ ബോവിക്കാനത്ത് പോയിരുന്നു.

കഴിഞ്ഞദിവസം രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. 19ന് സമീപത്തെ ഒരു വീട്ടിൽ മോഷണം നടന്നിരുന്നു. അന്ന് തന്നെയാവും ഇവിടെയും മോഷണമുണ്ടായതെന്ന് സംശയിക്കുന്നു. ചുറ്റുമതിൽ കെട്ടി വീടിന്റെ ഗേറ്റ് പൂട്ടിയതിനാൽ മോഷണം നടന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ല.

മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഷെൽഫിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. പരാതിയെ തുടർന്ന് പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. രാജപുരം സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.