കണ്ണൂർ: കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി ജൂലായ്- ആഗസ്ത് മാസങ്ങളിലെ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയുള്ള സേവനങ്ങൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. രജിസ്‌ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ സെപ്തംബർ 30 വരെ ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി മാത്രം ലഭിക്കുന്നതാണ്. എന്നാൽ ശരണ്യ, കൈവല്യ തുടങ്ങിയ സ്വയം തൊഴിൽ പദ്ധതികളുടെ വായ്പ തിരിച്ചടവ്, എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി താൽക്കാലിക നിയമനം ലഭിച്ചവരുടെ വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകൾ വഴി നേരിട്ട് ലഭ്യമാക്കും.
പുതിയ രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവ വെബ് സൈറ്റ് വഴി ഓൺലൈൻ ആയി നിർവഹിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകൾ ഒക്ടോബർ മുതൽ ഡിസംബർ 31 നകം അതത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പരിശോധനക്കായി ഹാജരാക്കണം. 2019 ഡിസംബർ 20 നു ശേഷം ജോലിയിൽ നിന്നും നിയമാനുസൃതം വിടുതൽ ചെയ്യപ്പെട്ടു ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2020 ഡിസംബർ 31 വരെ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് വിടുതൽ സർട്ടിഫിക്കറ്റ് ചേർത്ത് നൽകും. സംശയ ദൂരീകരണത്തിനായി ഫോൺ: 0497 2700831 (കണ്ണൂർ), 0490 2474700 (മട്ടന്നൂർ), 0460 2209400 (തളിപ്പറമ്പ്), 0490 2327923 (തലശ്ശേരി).