vayal-1
പട്ടുവത്തെ വയലുകളുടെ മനോഹര ദൃശ്യം

പട്ടുവം: നാട്ടിപ്പണി അടുക്കാറായതോടെ പട്ടുവത്തെ ഒട്ടുമിക്ക വയലുകളിലും ഹരിതഭംഗി കൗതുകമുണർത്തുന്നു. പാടശേഖരങ്ങളുടെ സൗന്ദര്യം മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയകളിലും വൈറലായി തുടങ്ങി. കൊവിഡ് കാലത്ത് കൂടുതൽ പേർ കാർഷിക രംഗത്തേക്കിറങ്ങിയതോടെയാണ് ഇക്കുറി വയലുകൾ സജീവമായത്.

ലോക്ക് ഡൗണിൽ കൈവന്ന അവസരം കാർഷിക പാരമ്പര്യമുള്ള പല കുടുംബങ്ങളിലേയും ചെറുപ്പക്കാർ സുവർണാവസരമാക്കുകയായിരുന്നു. ഇതോടൊപ്പം ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി ഇവർക്ക് ഊർജ്ജമായി.
പാടത്തിറങ്ങിയവരിൽ സ്ഥാപനങ്ങൾ നടത്തുന്നവർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകർ,​ പ്രിൻസിപ്പൽമാർ എല്ലാമുണ്ട്. ക്ലാസില്ലാതെ വെറുതെ ഇരിക്കുന്ന പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ,​ റിട്ട. എൻജിനിയർമാർ തുടങ്ങി പട്ടിക നീളുകയാണ്. പാടങ്ങളും സമതലങ്ങളും കുന്നുംപുറങ്ങളും ഇടകലർന്നു നിൽക്കുന്ന പട്ടുവത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുവാൻ എത്തുന്നവർ, പലപ്രദേശങ്ങളിൽ നിന്നുള്ളവരാണ്.

മുള്ളൂൽ കുന്നിന്റെ തെക്കുഭാഗത്തുള്ള പുഴ മുതൽ അക്കരെ കണ്ണപുരം പഞ്ചായത്തും കൈപ്പാടുകളും വയലുകളും കണ്ണൂർ പയ്യാമ്പലം കടലോരം വരെ ഇവിടെ നിന്ന് കാണാനാകും. മുള്ളൂൽ കുന്നിന്റെ വടക്കുഭാഗത്താണ് പട്ടുവം പാടങ്ങൾ മുറിച്ചൊഴുകുന്ന പട്ടുവം പുഴ. കണ്ണൂരിന്റെ മറ്റൊരു നെല്ലറയായ ഏഴോം പാടങ്ങളും കൈപ്പാടു നിലവും ഇവിടുന്നുള്ള നല്ലൊരു കാഴ്ചയാണ്.
മംഗലശ്ശേരിയാണ് പട്ടുവത്തിന്റെ വേറൊരു നെല്ലറ. മംഗലശ്ശേരി കുന്നിൻ പുറത്താണ് സന്ദർശകർ എത്തുന്നത്. മറ്റൊരു ഭാഗത്ത് കുപ്പം പഴയങ്ങാടി പുഴയുടെ ഭംഗിയും ആളുകളെ ആകർഷിക്കുന്നു.