തളിപ്പറമ്പ്: ഒരു മാസം മുമ്പ് ഗൃഹനാഥൻ മരിച്ചതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ കുടുംബത്തെ സംരക്ഷിക്കാൻ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചു. പരിയാരം ഏമ്പേറ്റ് നരിമടയിലെ ഒ.എ സിൽജയും മക്കളുമാണ് നന്മയുള്ളവരുടെ കനിവ് തേടുന്നത്. കഴിഞ്ഞ ജൂൺ 16 നാണ് പരിയാരം ഏമ്പേറ്റ് നരിമടയിലെ കെ. പ്രമോദ് ഡെങ്കിപ്പനിയും ഹൃദയാഘാതവും മൂലം മരിച്ചത്. പെയിന്റിംഗ് കലാകാരനായിരുന്ന പ്രമോദിന് ലക്ഷങ്ങളുടെ കടബാദ്ധ്യതയുണ്ടായിരുന്നു.
അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളെ പഠനമുൾപ്പെടെ ഇതോടെ പ്രതിസന്ധിയിലായി. കൂടാതെ കാഴ്ചശക്തി കുറഞ്ഞ സിൽജയുടെ അമ്മയും ഇവർക്കൊപ്പമുണ്ട്. ഈ കുടുംബം താമസിക്കുന്നത് തകർന്നു വീഴാറായ വീട്ടിലാണ്. നേരത്തെ ഒരു വസ്ത്രാലയത്തിൽ ജീവനക്കാരിയായിരുന്ന സിൽജക്ക് ലോക്ക് ഡൗൺ കാരണം ആകെയുണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടു. ലക്ഷങ്ങളുടെ കടബാദ്ധ്യതക്ക് പുറമെ ഇവരുടെ ജീവിതവും കുട്ടികളുടെ പഠനവും വഴിമുട്ടിയിരിക്കുകയാണ്.
കുടുംബത്തെ സഹായിക്കാനായി വാർഡ് മെമ്പർ പി.വി സുരേഷ് ചെയർമാനും ഇ. തമ്പാൻ കൺവീനറുമായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. സഹായ കമ്മിറ്റിയുടെ പേരിൽ സിൻഡിക്കേറ്റ് ബാങ്ക് ശാഖയിൽ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പർ: 42372010001384. ഐഎഫ്എസ് സി കോഡ്: SYNB 0004237.