കാസർകോട്: കൊവിഡ് 19 രോഗവ്യാപനം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജോലി ആവശ്യാർത്ഥം ജില്ലയിൽ നിന്ന് മംഗലാപുരത്തേക്ക് ദിവസേന പോയി വരാൻ അനുവദിക്കില്ല. കർണ്ണാടകയിൽ ജോലി ചെയ്യുന്ന കാസർകോട്ടുകാർ ചുരുങ്ങിയത് 28 ദിവസം താമസിച്ച് ജോലി ചെയ്യണം. കർണാടകയിൽ നിന്ന് കാസർകോട് ജോലി ചെയ്യുന്നവർക്കും ഇത് ബാധകമാക്കും.
മന്ത്രി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനം. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും ഈ തീരുമാനം ബാധകമാണ്. ഞായറാഴ്ച സമ്പർക്കത്തിലൂടെ രോഗം കൂടുതൽ പേർക്ക് സ്ഥിരീകരിച്ചതിനാലാണ് മഞ്ചേശ്വരം അതിർത്തി മേഖലയിൽ ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നതിന് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. അനാവശ്യ യാത്രകൾ ഒഴിവാക്കണം. അതിർത്തികളിലെ റോഡുകളിൽ പഞ്ചായത്തു ബാരിക്കേഡുകൾ സ്ഥാപിക്കുകയും മൂന്ന് വീതം വളണ്ടിയർമാരെ നിയോഗിക്കുകയും ചെയ്യും. പഞ്ചായത്തും ജില്ലാഭരണകൂടവും പൊലീസും തീരുമാനിക്കുന്ന റോഡിലൂടെ മാത്രം യാത്ര അനുവദിക്കും.യാത്ര അനുവദിക്കുന്ന റോഡുകളിൽ കർശനമായ പൊലീസ് നിരീക്ഷണം ഉണ്ടാകും.
അതിർത്തിയിൽ താമസിക്കുന്നവർക്ക് ദക്ഷിണ കന്നഡയിലെ തൊട്ടടുത്ത പ്രദേശത്ത് അടിയന്തര സാഹചര്യത്തിൽ നടന്നുപോകേണ്ട സാഹചര്യം ഉണ്ടായാൽ അതിർത്തി റോഡിൽ ആധാർ ഉൾപ്പെടെയുള്ള പരിശോധന ഉണ്ടാകും. ഇതിനായി തൊട്ടടുത്ത പഞ്ചായത്തുമായി ചർച്ച നടത്തി ധാരണയിലെത്താൻ മഞ്ചേശ്വരം മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരോട് യോഗം നിർദേശിച്ചു. ജില്ലയിലെ നിലവിലെ സ്ഥിതിഗതികളെപ്പറ്റിയുള്ള വിവരം ജില്ലാകളക്ടർ ഡോ. ഡി. സജിത് ബാബുവും ജില്ലാ പൊലീസ് മേധാവി ഡി. ശില്പയും യോഗത്തിൽ വിശദീകരിച്ചു.
കളക്ടറേറ്റിൽ നടന്ന യോഗത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എ. എ ജലീൽ , എ.ഡി.എം .എൻ. ദേവീദാസ്, ഡി.എം.ഒ ഡോ. എ.വി. രാംദാസ്, ജില്ലാ സർവൈലെൻസ് ഓഫീസർ ഡോ .എ.ടി. മനോജ് എന്നിവർ സംബന്ധിച്ചു