കണ്ണൂർ: കേരള ജല അതോറിറ്റി കണ്ണൂർ ,തളിപ്പറമ്പ് ഡിവിഷനിലെ വിവിധ ഓഫീസുകളിൽ അനധികൃത നിയമനങ്ങൾ വ്യാപകമാകുന്നു.. സർക്കാർ ഉത്തരവിനെ നോക്കുകുത്തിയാക്കിയാണ് തകൃതിയായ പിൻവാതിൽ നിയമനം നടക്കുന്നത്. താൽക്കാലിക, സ്ഥിര നിയമനങ്ങൾ എല്ലാം വ്യവസ്ഥാപിതമായ രീതിയിൽ നടത്തണമെന്നു കഴിഞ്ഞദിവസവും അധികൃതരുടെ ഉത്തരവുണ്ടായിരുന്നു.

വാൾവ് ഓപറേറ്റർ ,ഹെൽപ്പർ, വാച്ച്മേൻ തസ്തികയിലേക്കാണ് ദിവസക്കൂലിക്ക് നിയമനം നടക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് നിയമിച്ചവരുടെ കാലാവധിക്ക് ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് എഴുതാൻ ബാഹ്യ ഇടപെടൽ കാരണം ബന്ധപെട്ടവർ തയ്യാറാകാത്ത സ്ഥിതിയാണെന്നും ആരോപണമുണ്ട്. 60 വയസ് കഴിഞ്ഞവരെ പ്ലാന്റിൽ അടക്കം ജോലിക്ക് വെച്ചിരിക്കുന്ന സ്ഥിതിയാണുള്ളത്. ഹാൻഡ് രസീറ്റ് സംവിധാനം ഒഴിവാക്കി എല്ലാ നിയമനങ്ങളും വ്യവസ്ഥാപിതമായ രീതിയിൽ നടത്തണമെന്ന് വാട്ടർ അതോറിറ്റി സർക്കുലർ ഇറക്കിയെങ്കിലും ചില ഓഫീസ് മേധാവികൾ നടപ്പിലാക്കാൻ തയ്യാറാകുന്നില്ല.

സി.ഐ.ടി.യു പ്രക്ഷോഭത്തിന്

വാട്ടർ അതോറിറ്റിയിലെ അനധികൃത നിയമനങ്ങൾക്കെതിരെ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) പ്രക്ഷോഭത്തിനിറങ്ങുന്നു. സമരപരിപാടികളുടെ ഭാഗമായി ഇന്ന് കണ്ണൂർ, തളിപ്പറമ്പ് ഡിവിഷൻ ഓഫീസിന് മുന്നിൽ യൂനിയൻ പ്രതിഷേധ കൂട്ടായ്മ നടത്തും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എം.സി ഹരിദാസൻ തളിപ്പറമ്പിൽ നടക്കുന്ന സമരം ഉദ്ഘാടനം ചെയ്യും.