പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 5000 ത്തിലധികം തൊഴിൽ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ആശ്രയമായ ഇ.എസ്.ഐ ആശുപത്രി ഇവിടെയെത്തുന്ന ആരെയും രോഗികളാക്കുന്ന സ്ഥിതിയിലാണ്. ഇ.എസ്.ഐ കെട്ടിടം കാലവർഷത്തിൽ ചോർന്നൊലിച്ചും ചുറ്റും വെള്ളം കെട്ടിനിന്നും തീർത്തും വൃത്തിഹീനമായിരിക്കുകയാണ്.

ശുചീകരണത്തെ കുറിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പറയാറുണ്ടെങ്കിലും തൊഴിലാളികളുടെ ആരോഗ്യത്തിന് യാതൊരു പരിഗണനയുമില്ലെന്നാണ് ഇവിടെ വരുമ്പോൾ മനസിലാകുക. പരിസരം കാട് മൂടിയും പഴകിയ ജനാലകളിലൂടെ മഴവെള്ളം ഒഴുകിയും ഇവിടെ എത്തുന്നവർക്കും, ജീവനക്കാർക്കും ഒരുപോലെ ദുരിതം സമ്മാനിക്കുകയാണ്. രണ്ട് ഏക്കറിലധികം വിസ്തൃതിയുള്ള ഈ സ്ഥാപനത്തിൽ ഇനിയും കിടത്തി ചികിത്സ പോലും ലഭ്യമല്ലെന്നുള്ള പരാതികൾക്കിടയിലാണ് സ്ഥാപനത്തോടുള്ള അനാസ്ഥയും. അടിസ്ഥാന വികസനവും ഡ്രൈനേജ് പ്രശ്നവുമെല്ലാം ഉയർത്തി കാട്ടി വിവിധ സംഘടനകൾ പ്രതിഷേധങ്ങൾ നടത്തുന്നുമുണ്ട്.

കണ്ണൂർ ജില്ലാ ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) സെക്രട്ടറി കെ.പി. അശോകൻ, കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ (കെ.എം.എസ്.ആർ.എ- സി.ഐ.ടി.യു) ജില്ലാ ട്രഷറർ ടി.ടി. രഞ്ജിത്ത് എന്നിവർ ചേർന്ന് വിഷയം ഉന്നയിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണന് നിവേദനം നല്കി. തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ , വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജൻ എന്നിവരുമായി ആവശ്യമായ ഇടപെടലുകൾ നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇവരെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ കാലവർഷത്തിൽ അടച്ചിട്ടു, എന്നിട്ടും..

കഴിഞ്ഞ വർഷത്തെ കാലവർഷത്തിൽ ഡിസ്പെൻസറി പരിസരവും പാപ്പിനിശ്ശേരി മാർക്കറ്റും ഉൾപ്പെടെ വെള്ളക്കെട്ടിലായപ്പോൾ ആഴ്ചകളോളം ഇ.എസ്.ഐ ഡിസ്പെൻസറി അടച്ചിട്ടിരുന്നു. പാപ്പിനിശ്ശേരിയിലേയും പരിസരത്തെയും നിരവധി തൊഴിൽ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഏക ആശ്രയ കേന്ദ്രം മഴയത്ത് ചൊർന്നൊലിക്കുന്നതും, മലിനജലം കെട്ടിക്കിടക്കുന്നതും ഇപ്പോൾ പ്രതിഷേധത്തിന് ആക്കം കൂട്ടുകയാണ്.


ഇ.എസ്.ഐ ഡിസ്പെൻസറിയിൽ നിലവിലുള്ള പാശ്ചാത്തല സൗകര്യം നവീകരിച്ച് കിടത്തി ചികിത്സ ഉൾപ്പെടെ ഒരുക്കണം.

വിവിധ തൊഴിലാളി സംഘടനകൾ