നഷ്ടപരിഹാരം
75 ശതമാനം കേന്ദ്രം
ബാക്കി സംസ്ഥാനം
ജില്ലയ്ക്ക് വേണ്ടത് 103 കോടി
കണ്ണൂർ: ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് 31ന് മുമ്പ് പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാർ അധികൃതർക്ക് നിർദേശം നൽകി. നിയമപ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിലെ സ്ഥലമെടുപ്പ് പ്രാദേശിക ഭരണകൂടം ഇടപെട്ട് തീർപ്പാക്കാനും നിർദേശമുണ്ട്. അതിനിടെ ദേശീയപാതാ വികസനത്തിനായി ജില്ലയ്ക്ക് 49 കോടി രൂപ കൂടി അനുവദിച്ചു. എളയാവൂർ വില്ലേജിൽ വിലനിർണയം പൂർത്തിയായ സ്ഥലത്തിന് നഷ്ടപരിഹാരം നൽകുന്നതിനാണിത്.
അതേസമയം വലിയന്നൂർ, പുഴാതി വില്ലേജിലെ സ്ഥലമെടുപ്പ് നടപടി തുടങ്ങി. ചിറക്കൽ ഉൾപ്പെടെയുള്ള വില്ലേജുകളും സ്ഥലമെടുപ്പിലേക്ക് കടക്കുകയാണ്.സബ്കളക്ടർമാരും തഹസിൽദാർമാരും ഉൾപ്പെട്ട വലിയസംഘം തന്നെ ദേശീയപാത വികസനം ലക്ഷ്യമാക്കിയുള്ള സ്ഥലമെടുപ്പിന് പിറകെയുണ്ട്. കീഴാറ്റൂർ ബൈപാസിലേതുപോലെ മോഹവില നൽകിയാണ് സ്ഥലമേറ്റെടുക്കുന്നത്.
നാലോ ആറോ വരി പാതകൾ നിർമ്മിക്കുന്നതിന് 1,176 ഹെക്ടർ അധിക ഭൂമി ഏറ്റെടുക്കാൻ ഏകദേശം 22,000 കോടി രൂപ ആവശ്യമാണെന്നാണ് എൻ.എച്ച്.ഐ അധികൃതർ കണക്കാക്കിയിട്ടുള്ളത്. ഇതനുസരിച്ച് 5,200 കോടി സംസ്ഥാനം ദേശീയപാത അതോറിറ്റിക്ക് നൽകണം. ഇതിന്റെ ആദ്യ ഗഡുവായി 390 കോടി കേരള സർക്കാറിന്റെ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിംഗ് വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് കഴിഞ്ഞ ഡിസംബറിൽ ദേശീയപാത അതോറിറ്റിക്ക് നൽകി. ഇതോടെയാണ് സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജോലികൾ വേഗത്തിലാക്കാൻ ദേശീയ പാതാ അതോറിറ്റി തീരുമാനിച്ചത്.
കുരുക്കായി കൊവിഡും
കേരളത്തിലെ വിവിധ ദേശീയപാതകളിലായി ഒട്ടേറെ വികസന പദ്ധതികളാണ് ദേശീയപാതാ വികസന അതോറിറ്റി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡ് ഭീഷണിയെ തുടർന്ന് ഇവയെല്ലാം പാതിവഴിയിലാകുകയായിരുന്നു.
ഭൂമി ഏറ്റെടുക്കുന്നതിലെ പ്രതിസന്ധിയാണ് പ്രധാന തടസ്സമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ദേശീയപാതാ വികസനത്തിന് ആവശ്യത്തിന് പണം നൽകാമെന്നേറ്റിരുന്ന കേന്ദ്ര സർക്കാർ, കേരളത്തിലെ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ അനിശ്ചിതമായി വൈകിയതോടെ നിലപാട് തിരുത്തുകയായിരുന്നു.