കാസർകോട്: രണ്ടു പതിറ്റാണ്ടുകാലമായി മൊഗ്രാലിലെ തീരദേശ പ്രദേശവാസികൾ കാത്തിരിക്കുന്ന കൊപ്പളം അടിപ്പാതയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. നാട്ടുകാരുടെ മുറവിളിയെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ഇടപെട്ട് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി അടിപ്പാത പണിയാൻ സംസ്ഥാന സർക്കാർ രണ്ടേമുക്കാൽ കോടി രൂപ റെയിൽവേയ്ക്ക് കൈമാറിയിരുന്നു. പിന്നീട് പദ്ധതിക്ക് കേന്ദ്ര സർക്കാർ ഭരണാനുമതി നൽകുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും നിർമ്മാണ കമ്പനി അധികൃതർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ടെൻഡർ നല്കിയത് 2.97 കോടിക്കാണ്.
എന്നാൽ കഴിഞ്ഞ ആറ് മാസമായി നിർമ്മാണവുമായി ബന്ധപ്പെട്ട യാതൊരു തുടർനടപടികളും ആരംഭിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. റെയിൽവേ ഇരട്ടപാത വന്നതോടുകൂടി ട്രെയിൻ ഇടിച്ചു അപകടമരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് നാട്ടുകാർ മൊഗ്രാൽ പടിഞ്ഞാറ് പ്രദേശത്തേക്ക് റെയിൽവേ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നത്. ഈ ആവശ്യത്തിന് രണ്ടു പതിറ്റാണ്ടുകാലത്തെ പഴക്കമുണ്ട്.
പഞ്ചായത്ത് തുടക്കം കുറിച്ചു
2013 നവംബറിൽ കുമ്പള ഗ്രാമ പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും യോഗം വിളിച്ചു ചേർക്കുകയും പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കാനുള്ള കാലതാമസം ഉണ്ടായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് സംസ്ഥാന സർക്കാർ ഫണ്ട് പദ്ധതിക്ക് ലഭ്യമാക്കുകയായിരുന്നു. അടിപ്പാതയുടെ നിർമ്മാണം നീണ്ടുപോകുന്നത് മനസിലാക്കിയ മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പി യെ നേരിൽകണ്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.