കണ്ണൂർ: ഇരുമുന്നണികളും ബലാബലത്തിലുള്ള കണ്ണൂർ കോർപറേഷനിൽ പുതിയ മേയറെ ഇന്നു തിരഞ്ഞെടുക്കും. അവശേഷിക്കുന്ന മൂന്നു മാസത്തെ ഭരണം നിലനിർത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ ഇടതുമുന്നണിയും ഇഞ്ചോടിഞ്ച് പോരാടുകയാണ്. എന്നാൽ അട്ടിമറികളും അത്ഭുതങ്ങളും നടന്നില്ലെങ്കിൽ മുസ്ലിം ലീഗിലെ സി. സീനത്ത് തന്നെ മേയർ സ്ഥാനത്തെത്തും .

തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. മേയർ സ്ഥാനത്ത് ആരെയും നിശ്ചയിച്ചിട്ടില്ലെങ്കിലും മുൻമേയർ ഇ.പി. ലതയ്ക്ക് തന്നെയാണ് എൽ.ഡി.എഫിൽ മുൻതൂക്കം.തിരഞ്ഞെടുപ്പിനെ നേരിടാൻ ഇരുമുന്നണികളും ഏറെ കരുതലോടെയാണ് മുന്നോട്ട് പോകുന്നത്. യു.ഡി.എഫ് കൗൺസിലർമാരെ ഇന്നലെ ഉച്ചയോടെ തന്നെ പ്രത്യേക യോഗം ചേർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലേക്ക് യു.ഡി.എഫ് കൗൺസിലർമാരെയെല്ലാം ഒരുമിച്ചെത്തിക്കാനാണിത്. എൽ.ഡി.എഫും കൗൺസിലർമാർക്ക് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

മൂന്നാമത്തെ തിരഞ്ഞെടുപ്പ് :

നിലവിലുള്ള ഭരണ സമിതിയുടെ കാലാവധിക്കിടെ മേയർ സ്ഥാനത്തേക്ക് നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. ജൂൺ 12 ന് നടന്ന ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പി.കെ. രാഗേഷ് വിജയിച്ചതോടെയാണ് മുൻ മേയർ സുമാ ബാലകൃഷ്ണന്റെ രാജിക്ക് വഴിയൊരുങ്ങിയത്.യു.ഡി.എഫും ലീഗും തമ്മിൽ നേരത്തെയുണ്ടായിരുന്ന ധാരണപ്രകാരമായിരുന്നു ഇത്. കോർപ്പറേഷനിലെ നിലവിലെ കക്ഷിനില അനുസരിച്ച് യു.ഡി.എഫിന് 28 അംഗങ്ങളും എൽ.ഡി.എഫിന് 27 അംഗങ്ങളുമാണ്. യു.ഡി.എഫിൽ കോൺഗ്രസിന് പതിനെട്ടും ലീഗിന് പത്തും കൗൺസിലർമാരാണുള്ളത്.

കർശന നിയന്ത്രണം

ഇന്ന് രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കർശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ്. കൗൺസിലർമാരെ ഒരുമിച്ച് വോട്ട് ചെയ്യിപ്പിക്കുന്നതിന് പകരം 20-10-15 വീതം അംഗങ്ങളുള്ള ഗ്രൂപ്പുകളായി വോട്ട് ചെയ്യിപ്പിക്കാനാണ് കളക്ടറുടെ നിർദേശം. കൊവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമെ കൗൺസിലർമാരെ അകത്ത് പ്രവേശിപ്പിക്കുകയുള്ളു. കൊവിഡ് പ്രോട്ടോകോൾ യാതൊരു തരത്തിലും ലംഘിക്കാൻ അനുവദിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി. വിജയിച്ചാൽ നടത്താറുള്ള ആഹ്ലാദ പ്രകടനങ്ങൾക്കും പടക്കം പൊട്ടിക്കൽ ഉൾപ്പെടെയുള്ളവയ്ക്കും വിലക്കുണ്ട്. പുതിയ മേയർ ചുമതലയേൽക്കുന്നത് കോർപ്പറേഷൻ പരിസരത്ത് സജ്ജമാക്കിയ പ്രത്യേക വേദിയിലാകും.