കണ്ണൂർ: സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ പഠനം നടക്കുന്നുണ്ടെങ്കിലും സംശയനിവാരണത്തിനും പഠനനിലവാരം വിലയിരുത്തുന്നതിനും വേണ്ടത്ര അദ്ധ്യാപകരില്ലാത്തത് തടസമാകുന്നു.
നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ നിയമനം പ്രതീക്ഷിച്ച് സ്‌കൂൾ തുറക്കാൻ കാത്തിരിക്കുമ്പോഴാണ് അദ്ധ്യാപകരില്ലെന്ന പരാതി വ്യാപകമാകുന്നത്. സ്‌കൂളുകളിൽ നിന്നും താൽക്കാലിക അദ്ധ്യാപകരെ ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിൽ പിരിച്ചുവിട്ടിരുന്നു. ഈ ഒഴിവുകളിലേക്ക് പി.എസ്.സി നിയമന ശുപാർശയും പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും നിയമന ഉത്തരവും ലഭിച്ച ഉദ്യോഗാർത്ഥികൾ നിരവധിയുണ്ട്. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിലേക്ക് നിയമന ഉത്തരവുകൾ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് സ്‌കൂൾ തുറന്നാലേ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഇൗ വിഭാഗങ്ങളിലുള്ള ഒഴിവുകൾ നികത്തപ്പെട്ടിട്ടില്ല. സ്‌കൂൾ തുറക്കുന്നതു സംബന്ധിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കെ നിയമനം നീണ്ടുപോകുന്നത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിന് ശേഷമുള്ള തുടർ പ്രവർത്തനങ്ങൾ ലഭ്യമല്ലാതാക്കുകയാണ്.
ജയിലിലുണ്ട്, സ്കൂളുകൾക്കില്ല
അദ്ധ്യാപക നിയമനത്തിന്റെ കാര്യത്തിൽ മാത്രമാണ് തീരുമാനം ഇങ്ങനെ വൈകുന്നത്. ജയിൽവകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഒാഫീസർ തസ്തികയിലേക്ക് നിയമനം ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാമെന്ന് സർക്കാർ ഉത്തരവുണ്ട്. ജയിൽ വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് നിയമനം നൽകിയിരിക്കുന്ന സ്ഥാപനങ്ങളിൽ രേഖകൾ സഹിതം ബന്ധപ്പെടാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ നിയമന ഉത്തരവ് കൈയിൽ കിട്ടിയ അദ്ധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത സ്ഥിതിയും.