കൂത്തുപറമ്പ്: മുൻസിഫ് കോടതിയിലേക്ക് പുതിയ റോഡ് നിർമ്മിക്കാനാവശ്യമായ നടപടികളായി. കോടതി റോഡിന് സ്ഥലം കണ്ടെത്തിയ സാഹചര്യത്തിൽ കൂത്തുപറമ്പ് സബ്ബ് ജയിൽ നിർമ്മാണവും ഉടൻ ആരംഭിക്കും. അഞ്ച് മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട ജയിൽ നിർമ്മാണം നീണ്ടുപോകുന്നത് സംബന്ധിച്ച് ആക്ഷേപങ്ങളുയർന്നിരുന്നു.

റവന്യു വകുപ്പിന്റെ കൈവശമുണ്ടായിരുന്ന മുന്നേമുക്കാൽ സെന്റ് സ്ഥലം വിട്ടുനൽകിയതോടെയാണ് കോടതിയിലേക്ക് പുതിയ റോഡ് നിർമിക്കാനാവശ്യമായ നടപടികളായത്. യങ്ങ് ഇന്ത്യാ പ്രസ്സിന് സമീപം പഴയ ഗവ. എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് കെട്ടിടം ഉൾപ്പെടുന്ന സ്ഥലമാണ് റോഡിന് വേണ്ടി വിട്ടു നൽകിയിട്ടുള്ളത്. താലൂക്ക് സർവ്വെയർ നിമേഷ് കുരുന്നൻ, അസി.സർവ്വെയർ സുജിത്, കൂത്തുപറമ്പ് വില്ലേജ് അസിസ്റ്റൻറ് സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ റോഡിന്റെ സ്ഥല നിർണ്ണയം നടത്തി. ജില്ലാ ജയിൽ സൂപ്രണ്ടും, കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിൽ സ്പെഷ്യൽ ഓഫീസറുമായ കെ. വിനോദൻ, നോഡൽ ഓഫീസർ ജിതേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ഥല നിർണ്ണയം. പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടവും സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് കെട്ടിടവും നവീകരിച്ചാണ് സബ്ബ് ജയിൽ നിർമ്മിക്കുക.

3.3 കോടിയുടെ എസ്റ്റിമേറ്റ്

3 കോടി 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് സബ് ജയിലിന് വേണ്ടി തയ്യാറാക്കിയിരുന്നത്. മുൻസിഫ് കോടതിയിലേക്കുള്ള റോഡിന്റെ കാര്യത്തിലുള്ള നിയമപ്രശ്നങ്ങളാണ് ജയിൽ നിർമ്മാണത്തിന് തടസ്സമായിരുന്നത്.

റോഡിന് സ്ഥലം ലഭ്യമായ സാഹചര്യത്തിൽ ജയിൽ നിർമാണം ഉടൻ ആരംഭിക്കും.

കെ. വിനോദൻ, സ്പെഷ്യൽ ഓഫീസർ