kaumudi
കേരള കൗമുദി ജൂൺ 23ന് പ്രസിദ്ധീകരിച്ച വാർത്ത

കൂത്തുപറമ്പ്: കൈതേരി എടത്തിലെ കെ.വി.സജീവന്റെ കുടുംബത്തിന് പുതിയ വീട് നിർമ്മിക്കാനുള്ള നടപടികളായി. തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിന്റെ നേതൃത്വത്തിലാണ് നിർമ്മാണം.

ചോർന്നൊലിക്കുന്ന വീട്ടിൽ ദുരിതജീവിതം നയിക്കുന്ന സജീവന്റെ ദയനീയാവസ്ഥ കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിലെ അലുംനി അസോസിയേഷന്റെ നേതൃത്വത്തിലാണ് കൈതേരി എടത്തിലെ സജീവന്റെ കുടുംബത്തിന് പുതിയ വീട് നിർമ്മിക്കുക. പത്തു ലക്ഷത്തോളം രൂപ ചിലവിലാണ് പുതിയ വീടിന്റെ നിർമാണം. വെള്ളിയാഴ്ച രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് അംഗം കാരായി രാജൻ വീടിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കും.

രോഗിയായ ഭാര്യയും, ഭിന്നശേഷിക്കാരിയായ മകളും അടങ്ങുന്നതാണ് സജീവന്റെ കുടുംബം. തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിലെ ബസ് ക്ലീനർ കൂടിയായ സജീവന് തൊഴിലിൽ നിന്നുള്ള വരുമാനമായിരുന്നു ഏക മാർഗ്ഗം. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് തൊഴിലും ഇല്ലാതായതോടെ കടുത്ത പ്രയാസത്തിലായിരുന്നു കുടുംബം. ഇതിനിടയിൽ മഴയും ആരംഭിച്ചതോടെ വീട് ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു.

പുതിയ വീട് നിർമ്മിക്കുന്നതിൽ കുടുംബം ഏറെ സന്തോഷത്തിലാണെന്ന് സജീവൻ പറഞ്ഞു. വീട് നിർമാണത്തിന്റെ ഭാഗമായി മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രസീത, വൈസ് പ്രസിഡന്റ് എം.കെ. കൃഷ്ണൻ, തലശ്ശേരി എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പാൽ ഡോ. ഒ.എ. ജോസഫ് എന്നിവർ രക്ഷാധികാരികളും വാർഡ് മെമ്പർ കാഞ്ഞാൻ ബാലൻ ചെയർമാനും എൻജിനീയറിംഗ് കോളേജ് അലുംനി അസോസിയേഷൻ സെക്രട്ടറി കെ.ആർ. റിനിൽ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.