ആലക്കോട്: കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന കനത്ത മഴയിലും ശക്തമായ ചുഴലിക്കാറ്റിലും മലയോരത്ത് വ്യാപകമായ നാശനഷ്ടം. പുഴകളിലും തോടുകളിലും നീരൊഴുക്ക് വർദ്ധിച്ചതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കരുവൻചാൽ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ മുണ്ടച്ചാലിലെ 15 ഓളം കുടുംബങ്ങൾ ഭീതിയിലാണുള്ളത്. രയറോം, ആലക്കോട് പുഴകളിലും ജലനിരപ്പ് ഉയർന്നു.
ഇന്നലെ രാവിലെ ആലക്കോട് ടൗണിലെ പെരുനിലം റോഡരികിലെ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര ശക്തിയായ കാറ്റിൽ മുപ്പത് ആടിയോളം ദൂരെയുള്ള ഹൈടെൻഷൻ വൈദ്യുതി ലൈനിന്റെ മുകളിൽ വന്നു വീണത് മൂലം അഞ്ച് മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തളിപ്പറമ്പിൽ നിന്നും അഗ്നിശമനസേനയുടെ യൂണിറ്റ് എത്തിയാണ് തടസ്സം നീക്കിയത്. ആലക്കോട് പഞ്ചായത്തിലെ നൂലിട്ടാമല, ഫർല്ലോങ്കര, പരപ്പ, ഉദയഗിരി പഞ്ചായത്തിലെ മാമ്പൊയിൽ, തുടങ്ങിയ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണിയും ഉയർന്നിട്ടുണ്ട്. ആലക്കോട് -കാപ്പിമല റോഡ് മഴയിൽ പൂർണ്ണമായും തകർന്നു.