കണ്ണൂർ: ലോക്ക് ഡൗണിനു ശേഷവും ജീവിതം വഴിമുട്ടി റെയിൽവെ കരാർ തൊഴിലാളികൾ. എ.സി ക്ലാസിൽ ബെഡ് റോൾ വിതരണം ചെയ്യുന്ന നൂറു കണക്കിന് കരാർ തൊഴിലാളികൾക്ക് കഴിഞ്ഞ മൂന്നുമാസമായി ശമ്പളമൊന്നുമില്ല. കരാർ എടുത്ത സ്വകാര്യകമ്പനി ലോക്ക് ഡൗണിനു ശേഷം സമാശ്വാസമെന്ന നിലയിൽ പോലും ഒന്നും നൽകിയിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ലോക്ക് ഡൗണിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായി നിലച്ചപ്പോൾ മറ്റു മേഖലകളിലുള്ള കരാർ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ക്ഷേമനിധിയിൽ നിന്നും ആശ്വാസ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ റെയിൽവെയിലെ ബെഡ് റോൾ വിതരണം ചെയ്യുന്ന തൊഴിലാളികൾക്ക് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല. പത്തും പതിനഞ്ചും വർഷം ജോലി ചെയ്യുന്ന കരാർ തൊഴിലാളികളോടുള്ള അങ്ങേയറ്റത്തെ അവഗണനയാണിതെന്നാണ് തൊഴിലാളികളുടെ ആരോപണം. കേന്ദ്ര സർക്കാർ ആദ്യ ഘട്ടമെന്ന നിലയിൽ ശമ്പളത്തിന്റെ 50 ശതമാനം നൽകാൻ റെയിൽവേയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ കേവലം ഒരുമാസത്തിൽ ഇത് ഒതുക്കി. റെയിൽവേ ബില്ല് പാസാക്കി തരുന്നില്ലെന്നാണ് ഇതുസംബന്ധിച്ച് കരാർ കമ്പനികളുടെ മറുപടിയെന്ന് തൊഴിലാളികൾ പറുന്നു.
ചുരുക്കം ചില ട്രെയിനുകൾ ഒാടിത്തുടങ്ങിയെങ്കിലും കൊവിഡ് ഭീഷണി കാരണം ബെഡ് റോൾ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ഇതുകാരണം തൊഴിൽ തന്നെ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് തൊഴിലാളികൾ. സംസ്ഥാനത്ത് ആയിരക്കണക്കിന് തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. മറ്റുവരുമാനമൊന്നുമില്ലാത്ത സാഹചര്യത്തിൽ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും യാതൊരു സഹായവും ചെയ്യുന്നില്ല. നിരവധി കുടുംബങ്ങൾ പട്ടിണിയിലാണ്. ഭാവിയിൽ തൊഴിൽ ഇല്ലാതാവുമോയെന്ന ആശങ്കയിലാണ് തൊഴിലാളികൾ.
കെ.കെ. അശോകൻ, യൂണിറ്റ് സെക്രട്ടറി, ഒാൾ കേരള ലോണ്ടറി എംപ്ലോയീസ് അസോസിയേഷൻ