കണ്ണൂർ: കാർഷിക വിളകൾ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വെടിവച്ചതിനെ തുടർന്ന് കുരുക്കിലായ കർഷകന് കേരളകൗമുദി വാർത്ത തുണയായി. കാട്ടുപന്നികളെ വെടിവയ്ക്കാൻ കർഷകനു നൽകിയ ലൈസൻസ് റദ്ദാക്കിയ നടപടി വനംവകുപ്പ് ഉപേക്ഷിച്ചു.

വെടിവച്ചു കൊന്ന കാട്ടുപന്നിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് ആരോപിച്ചാണ് കോഴിക്കോട് കോടഞ്ചേരി ഇടപ്പാട്ട് കാവുങ്കൽ ജോർജ് ജോസഫിന്റെ എം പാനൽ ലൈസൻസ് വനംവകുപ്പ് റദ്ദാക്കിയത്. ഇതിനു പുറമെ ജോർജ് ജോസഫിനെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.

വാർത്തയെ തുടർന്ന് കർഷകർ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ മാപ്പുപറഞ്ഞാൽ നടപടികളിൽ നിന്ന് ഒഴിവാക്കാമെന്നുള്ള നിർദേശവും വന്നു. എന്നാൽ ജോർജും മറ്റു കർഷകരും അതിന് വിസമ്മതിച്ചതിനെ തുടർന്ന് റദ്ദാക്കിയ ലൈസൻസ് വനംവകുപ്പ് ഒരു ഉപാധിയുമില്ലാതെ തിരിച്ചു നൽകുകയായിരുന്നു.

വെടിയുതിർത്തത് സർക്കാ‌ർ ഉത്തരവ് വിശ്വസിച്ച്

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം എന്ന സർക്കാ‌ർ ഉത്തരവ് വിശ്വസിച്ച് വെടിയുതിർത്ത കർഷകനാണ് ജോർജ് ജോസഫ്. ഏറെക്കാലത്തെ കർഷകരുടെ മുറവിളിയുടെ ഫലമായി മേയ് 18നാണ് മലയോര കർഷകർക്ക് ആശ്വാസം നൽകുന്ന ഉത്തരവിറങ്ങിയത്.

വെടിവയ്ക്കാൻ അധികാരം നൽകി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം പാനൽ ചെയ്ത അഞ്ചു പേരിൽ ഒരാളാണ് ജോർജ് ജോസഫ്. പുതിയ നിയമം ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത് കൂടിയാണ് കോടഞ്ചേരി.