seenath
കണ്ണൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി സി. സീനത്ത് ജില്ലാ കളക്ടറേറ്റിൽ നിന്നും കോർപ്പറേഷൻ ഓഫീസിലേക്ക് ഔദ്യോഗിക വാഹനത്തിൽ പോകുന്നു. ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ്, മുൻ മേയർ സുമാ ബാലകൃഷ്‌ണൻ തുടങ്ങിയവർ ഒപ്പം.

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് സി. സീനത്ത് തിര‌ഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ ഇ.പി. ലതയെ തോൽപ്പിച്ചാണ് മുസ്‌ലീം ലീഗിന്റെ സീനത്ത് മേയർ സ്ഥാനം സ്വന്തമാക്കിയത്.

വോട്ടുകളൊന്നും പാഴാക്കാതെ ഇരുമുന്നണികളും വോട്ടു ചെയ്തപ്പോൾ ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് സീനത്ത് പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. സി. സീനത്തിന് 28 വോട്ടും ഇ.പി. ലതയ്ക്ക് 27 വോട്ടും ലഭിച്ചു. മുസ്ലിം ലീഗുമായി കോൺഗ്രസുണ്ടാക്കിയ ധാരണ പ്രകാരം സുമാ ബാലകൃഷ്ണൻ മേയർ സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്‌. നിലവിലുള്ള കൗൺസിലിൽ മൂന്നാമത്തെ മേയറാണ് സീനത്ത്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു തിരഞ്ഞെടുപ്പ്. 55 കൗൺസിലർമാരെ മൂന്നു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് കേന്ദ്രത്തിലേക്ക് കടത്തിവിട്ടത്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വോട്ടെടുപ്പിൽ കൗൺസിലർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും മാത്രമെ പ്രവേശനം ഉണ്ടായിരുന്നുള്ളു.

കളക്ട്രേറ്റ് പരിസരത്ത് ജനക്കൂട്ടത്തെ തടയാൻ നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു. മാധ്യമ പ്രവർത്തകർക്കും അകത്തു പ്രവേശനമുണ്ടായിരുന്നില്ല. യു.ഡി.എഫ് നേതാക്കളായ കെ. സുധാകരൻ, കെ.എം .ഷാജി, സതീശൻ പാച്ചേനി, പ്രൊഫ. എ.ഡി. മുസ്തഫ, വി.കെ. അബ്ദുൾ ഖാദർ മൗലവി എന്നിവർ മേയറായി തിരഞ്ഞെടുക്കപ്പെട്ട സീനത്തിനെ അഭിവാദ്യം ചെയ്യാൻ കളക്ട്രേറ്റിലെത്തിയിരുന്നു. ജില്ലാ കളക്ടർ ടി.വി. സുഭാഷ് സീനത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.