നീലേശ്വരം: രണ്ടു ദിവസമായി പെയ്യുന്ന മഴയിൽ വയലുകളിൽ വെള്ളം കയറി. തേജസ്വിനി പുഴയിൽ വെള്ളം ഉയർന്നതോടെയാണ് സമീപ പ്രദേശങ്ങളിലുള്ള വയലുകളിൽ വെള്ളം കയറിയത്. പുഴയുടെ സമീപ പ്രദേശങ്ങളിലെ വടക്കേ പുലിയന്നൂർ, വേളൂർ, കീഴ്മാല, പാറക്കോൽ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളായ വയലുകളിലാണ് വെള്ളം കയറിയത്.
വയലുകളിൽ വെള്ളം കയറിയതോടെ ഇപ്പോൾ പറിച്ച് നട്ട ഞാറുകളും വെള്ളത്തിനടിയിലായി. ഞാറുകൾ നട്ട് കഴിഞ്ഞ് ആദ്യം തന്നെ വെള്ളം കയറിയാൽ ഇവ ചീഞ്ഞ് പോകാൻ സാദ്ധ്യതയേറെയാണ്. ഈ വർഷം കാലവർഷം വൈകിയതിനാൽ ഞാറുകൾ പറിച്ച് നടാനും ഏറെ വൈകിയിരുന്നു. പറിച്ച് നട്ട് അവയിൽ തിരിമുളച്ച് വരുന്നതിന് മുമ്പ് തന്നെ വെള്ളപ്പൊക്കവും വന്നതിനാൽ ഞാറ് മുളയിൽ തന്നെ നശിച്ച് പോവുകയും ചെയ്യുമെന്ന് കർഷകർ പറയുന്നു.
പൊതുവെ നെൽകൃഷി ചെയ്യാൻ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയിൽ കാലവർഷവും പ്രതികൂലമായാൽ വലിയ പ്രതിസന്ധിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.