കാസർകോട്: കാസർകോട് നിന്ന് മംഗളൂരുവിലേയ്ക്ക് ദിവസേനയുള്ള യാത്രയ്ക്ക് നൽകിയിരുന്ന അനുമതി റദ്ദാക്കിയതോടെ നൂറുകണക്കിനാളുകൾ അതിർത്തിയിൽ കുടുങ്ങി. കഴിഞ്ഞ രണ്ട് ദിവസമായി അതിർത്തിയിൽ എത്തി മടങ്ങിയവരുടെ എണ്ണം വളരെയേറെയാണ്. മംഗളൂരുവിൽ പോയി കേരളത്തിലേക്ക് പച്ചക്കറി കൊണ്ടുവരുന്ന വർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ചെർക്കളയിലെയും ചട്ടഞ്ചാലിലെയും പച്ചക്കറി കടക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മംഗളൂരുവിൽ നിന്ന് തിരിച്ചു കാസർകോട്ടേക്ക് വരുന്നവരുടെ സ്ഥിതിയും ഇതുതന്നെയാണ്.

കൃത്യസമയത്ത് ജോലിക്ക് എത്തിയില്ലെങ്കിൽ പലർക്കും ജോലി നഷ്ടമാകും. അതിർത്തി കടന്നാൽ 28 ദിവസത്തിന് ശേഷം മാത്രം മടങ്ങിവന്നാൽ മതിയെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട്. ഇവരിൽ പലർക്കും താമസിക്കാൻ മതിയായ സൗകര്യങ്ങൾ ഇല്ല. ഇനി താമസ്ഥലം കണ്ടെത്തിയാലും നിലവിലെ മാനദണ്ഡമനുസരിച്ച് പതിനാല് ദിവസം മംഗളൂരുവിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരും. മടങ്ങിയെത്തുമ്പോൾ ഇവിടേയും നിരീക്ഷണം ആവശ്യമാണ്.