കണ്ണൂർ: സ്വർണക്കടത്തുകാരുടെ ഇഷ്ടതാവളമായി മാറിയ കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ രാജ്യാന്തര ബന്ധത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ആഗസ്റ്റിൽ കണ്ണൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തെങ്കിലും ഉന്നതരെ രക്ഷിക്കാനുള്ള നീക്കത്തിനിടയിൽ അന്വേഷണം പാതിവഴിയിലാകുകയായിരുന്നു.
അന്നത്തെ സ്വർണക്കടത്തിലെ മുഖ്യകണ്ണിയായ കസ്റ്റംസ് ഉദ്യോഗസ്ഥൻ രാഹുൽ പണ്ഡിറ്റ് പിടിയിലായതോടെയാണ് അന്വേഷണം ഊർജിതമാക്കിയിരുന്നത്.. രാഹുലിന്റെ മൊഴിയെ തുടർന്നാണ് പിന്നീട് മൂന്നു പേർ കൂടി പിടിയിലായത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ സ്വർണക്കടത്തു സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ദുബായിൽ നിന്നാണ് വിവരങ്ങൾ കൃത്യമായി എത്തുന്നതെന്നും കണ്ടെത്തി. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊബൈൽഫോണിലേക്ക് സ്ഥിരമായും തിരിച്ചും ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ ഡി.ആർ.ഐ ശേഖരിച്ചിരുന്നു. പാസ്പോർട്ട് ഓഫീസിൽ നിന്നും മറ്റുമായി പ്രതികളുടെ വിദേശയാത്രാവിവരങ്ങളും ഡി.ആർ.ഐ ശേഖരിച്ചിരുന്നു.
കള്ളക്കടത്ത് സ്വർണം കേരളത്തിലെത്തിച്ചതിനു ശേഷം വിവിധ സ്ഥലങ്ങളിലേക്ക് ഇവ വിതരണം ചെയ്തിരുന്നു. സ്വർണവുമായി വരുന്ന യാത്രക്കാരുടെ വിശദാംശങ്ങൾ രാഹുൽ പണ്ഡിറ്റ് വഴി കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിക്കും.. ഈ യാത്രക്കാരെ എക്സ്റെ, മെറ്റൽ ഡിറ്റക്ടർ പരിശോധന കൂടാതെ കടത്തിവിടുകയാണ് പതിവ്. ഡി.ആർ.ഐ പരിശോധനയിൽ കള്ളക്കളി പുറത്താകുകയായിരുന്നു.
കള്ളക്കടത്ത് സംഘത്തിൽ നിന്നും ലഭിക്കുന്ന പണം ഉദ്യോഗസ്ഥർക്ക് വീതിച്ചു നൽകിയതും രാഹുലായിരുന്നു. വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ തെളിവുകൾക്കായി ഫോറൻസിക് പരിശോധന നടത്തിയിരുന്നു. മുഖ്യപ്രതികളുടെ മൊബൈൽ ഫോണുകളുൾപ്പെടെയുള്ളവയുടെ ശാസ്ത്രീയ തെളിവുകൾക്കായാണ് പരിശോധന. കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കോടികളുടെ മയക്കുമരുന്ന് ഇടപാടും നടക്കുന്നുണ്ട്.
എട്ട് മാസത്തിൽ 110കിലോ സ്വർണം
കഴിഞ്ഞ എട്ട് മാസത്തിനിടെ 110 കിലോയോളം സ്വർണമാണ് ഇവിടെ നിന്നും പിടികൂടിയത്. പിടിയിലാകാതെ പുറത്തെത്തിയത് ഇതിലും എത്രയോ അധികമാണെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഒരു ദിവസം പത്തോളം പേരാണ് വ്യത്യസ്ത സമയങ്ങളിലായി വിദേശത്ത് നിന്നും കള്ളക്കടത്ത് സ്വർണവുമായി വന്നിറങ്ങുന്നത്.