കൂത്തുപറമ്പ്: ക്വാറന്റൈയിനിലായിരുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള 14 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി. കൊവിഡ് ബാധിതരായ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുമായുള്ള സമ്പർക്കമാണ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ ക്വാറന്റൈയിനിലാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് യു.പി.ശോഭ, രണ്ട് സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ മൂന്ന് മെമ്പർമാർ, കണ്ണവം പൊലീസ് സ്റ്റേഷനിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥർ, കെ.എസ്.ഐ.ഡി.സി. ജീവനക്കാർ എന്നിവരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.
ചെറുവാഞ്ചേരി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന സി.ഐ.എസ്.എഫ്. ബാരക്കിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ നടപടികളെപ്പറ്റി ആലോചിക്കുന്നതിനു വേണ്ടി പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ പങ്കെടുത്ത സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന് കൊവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ ക്വാറന്റൈയിൻ. ഇതിനിടയിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും ക്വാറന്റൈയിനിലായിരുന്നു. ഇവരുടെ പരിശോധന ഫലവും കഴിഞ്ഞ ദിവസം നെഗറ്റീവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ നിലനിന്നിരുന്ന ആശങ്കയ്ക്ക് ഒരു പരിധിവരെ പരിഹാരമായിട്ടുണ്ട്.