പരിഹാരമാകാതെ കാൽ നൂറ്റാണ്ട്
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ മുട്ടം കാവിലെവളപ്പ് തോടിലെ മാലിന്യപ്രശ്‌നം പരിഹാരമില്ലാതെ നീളുന്നു. സമരങ്ങളും ചർച്ചകളും പരിശോധനകളുമൊക്കെയായി കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും മാലിന്യ പ്രശ്നത്തിന് പരിഹാരമായില്ല. ആദ്യമൊക്കെ മാലിന്യം നീക്കം ചെയ്യുന്നതിന് സാങ്കേതിക പ്രശ്നമാണ് ഉണ്ടായതെങ്കിൽ ഇപ്പോൾ ഫണ്ടില്ലാത്തതാണ് പ്രശ്നം.
തോട്ടിൽ നിന്ന് നീക്കം ചെയ്യുന്ന മാലിന്യം എവിടെ സംസ്കരിക്കുമെന്നതായിരുന്നു ഈ അടുത്ത കാലം വരെയുള്ള വിഷയം. എന്നാൽ ജില്ലാ കളക്ടർ ഇടപെട്ട് ചൈനക്ലേ പ്രവർത്തിച്ച കമ്പനി വളപ്പിൽ തന്നെ സംസ്കരിക്കാൻ കമ്പനിയുമായി ധാരണയാവുകയായിരുന്നു. മാലിന്യം നീക്കം ചെയ്യുവാൻ 1.15കോടിയാണ് എസ്റ്റിമേറ്റ്. 2020-21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തിയഞ്ചു ലക്ഷം രൂപ വകയിരുത്തിയെങ്കിലും ബാക്കി തുകയുടെ കാര്യത്തിൽ ഒരു തീരുമാനവുമായില്ല. 25ലക്ഷം രൂപ ജില്ലാ ഹരിത മിഷനിൽ നിന്നും ബാക്കി തുക എം.എൽ.എ, എം.പി ഫണ്ടിൽ നിന്നും കണ്ടെത്താമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
2016ൽ അടച്ചുപൂട്ടിയ ചൈനക്ലേ കമ്പനി പുറംതള്ളിയ മാലിന്യം മുട്ടം, വെങ്ങര പ്രദേശത്ത് കൂടി കടന്നു പോകുന്ന കാവിലെവളപ്പ് തോട്ടിൽ നിറഞ്ഞു മാലിന്യക്കൂമ്പാരമായി കിടക്കുകയാണ്.
രാസമാലിന്യങ്ങൾ നിറഞ്ഞ് തോട്
ചൈനക്ലേ കമ്പനിയിൽ നിന്നും പുറംതള്ളിയ മാലിന്യത്തിൽ ഡിഗ്നേറ്റർ, സൾഫർ, മഗ്നീഷ്യം, ഉയർന്ന തോതിലുള്ള ഇരുമ്പ് സത്ത് എന്നിവയാണുള്ളത്. ഇത് മൂലം പ്രദേശത്തെ കുടിവെള്ളത്തിൽ ഉണ്ടാവുന്ന ടി.ഡി.എസിന്റെ അളവ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഒരു ലിറ്റർ വെള്ളത്തിൽ 500 മില്ലി ഗ്രാം എന്ന നിലയിൽ നിന്നും 3000 മില്ലി ഗ്രാം വരെ ആയി ഉയർന്നിട്ടുണ്ട്. ഇത് കാൻസർ പോലുള്ള മാരകരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും കാരണമാകുന്നു. മാലിന്യനിർമ്മാർജ്ജന പദ്ധതി ഉടനെ നടത്തിയില്ലെങ്കിൽ പ്രദേശം മാരക രോഗങ്ങളുടെ പിടിയിലാകും. മാടായി പഞ്ചായത്ത് പദ്ധതി നടപ്പിലാക്കാത്തതിൽ വൻജനരോഷം ഉയർന്നുവരുന്നുണ്ട്. മാലിന്യ നിർമാർജനത്തിന് ഉടനടി നടപടികൾ എടുത്തില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടുപോകുവാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
പടം: ചൈനക്ലേ കമ്പനി പുറംതള്ളിയ മാലിന്യം നിറഞ്ഞ കാവിലെവളപ്പ് തോട്