തൃക്കരിപ്പൂർ: ചീമേനി തുറന്ന ജയിലിൽ നിന്ന് ചപ്പാത്തിയും ബിരിയാണിയും വാങ്ങി വയർ നിറയ്ക്കുക മാത്രമല്ല, ഇനി വാഹനങ്ങളിൽ ഇന്ധനവും നിറയ്ക്കാം. മാസങ്ങൾക്ക് മുമ്പ് നിർമ്മാണ പ്രവൃത്തി ആരംഭിച്ച പെട്രോൾ ബങ്ക് ഉദ്ഘാടനത്തിനൊരുങ്ങി നിൽക്കുകയാണ്. ജയിൽ അന്തേവാസികളുടെ ക്ഷേമത്തിനായുള്ള പദ്ധതിയുടെ ഭാഗമായാണ് പെട്രോൾ ബങ്കും ഒരുക്കിയിട്ടുള്ളത്.

ജയിലിനോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി ഉപയോഗിക്കത്തക്കവിധത്തിലാണ് പെട്രോൾ ബങ്കിന്റെ നിർമ്മാണം നടത്തിയിട്ടുളളത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ബങ്ക് സ്ഥാപിച്ചിട്ടുള്ളത്. തുറന്ന ജയിലിലെ ക്വാർട്ടേഴ്സിന് പരിസരത്തായി 25 സെന്റ് ഭൂമിയിലാണ് ബങ്കിനുള്ള കെട്ടിട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുളളത്. മൂന്നു തടവുകാരെയാണ് ജോലിക്കായി നിയോഗിച്ചിട്ടുള്ളത്.

രണ്ട് ഷിഫ്റ്റുകളായിട്ടാണ് ഇവരുടെ ജോലി സമയം. രാവിലെ ആറു മണി മുതൽ രാത്രി വരെയാണ് ബങ്ക് പ്രവർത്തിക്കുന്നത്. ചീമേനി ടൗണിൽ നിന്നും ഏകദേശം ഏഴ് കിലോമീറ്റർ ദൂരത്തിലായി സ്ഥിതി ചെയ്യുന്ന വെളിച്ചംതോട്, തുറവ് എന്നിവിടങ്ങൾക്കിടയിലുള്ള കാരമുക്ക് എന്ന സ്ഥലത്താണ് തുറന്ന ജയിലിനോടനുബന്ധിച്ച് ബങ്ക് സ്ഥാപിച്ചിട്ടുളളത്. പരിസരവാസികൾക്കും, കിഴക്കൻ മലയോര മേഖലയായ പെരിങ്ങോം, പാടിയോട്ടുചാൽ, ചിറ്റാരിക്കൽ തുടങ്ങിയ ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് അനുഗ്രഹമാകും ഈ ബങ്ക്. ടാങ്കിൽ ഇന്ധനം നിറഞ്ഞു കഴിഞ്ഞു. ജയിലധികൃതരുടെ സൗകര്യമനുസരിച്ച് അടുത്ത ദിവസം തന്നെ പ്രവർത്തനമാരംഭിക്കുമെന്നാണ് അറിയുന്നത്.

തുറന്ന ജയിൽ പരിസരത്ത് ഉദ്ഘാടനം കാത്തു കഴിയുന്ന പെട്രോൾ ബങ്കിന് സമീപത്തായി ഒരു ക്ലിനിക്ക് സ്ഥാപിക്കാനുളള നടപടിക്രമങ്ങളും ആരംഭിച്ചതായി അറിയുന്നു. ബങ്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു തന്നെ ക്ലിനിക്കിന്റെ തറക്കല്ലിടൽ കർമ്മവും നടക്കും. നിലവിൽ തുറന്ന ജയിലിലെ ഡോക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ ജയിൽ ഗേറ്റിന് സമീപത്തുവെച്ച് പൊതുജനങ്ങൾക്കായി മെഡിക്കൽ സൗകര്യം ലഭ്യമാക്കാറുണ്ട്.

രാവിലെ 9 മണി മുതൽ പത്തര വരെയാണ് ഈ ചികിത്സാ സൗകര്യം. ഇതിന് പകരമായാണ് സ്ഥിരമായൊരു ചികിത്സാ ക്ളിനിക്ക് ഒരുക്കാനായുള്ള നടപടികൾ സ്വീകരിക്കുന്നത്.

കയ്യൂർ-ചീമേനി പഞ്ചായത്ത് അധികൃതരുടെ ഇടപെടലിന്റെ ഭാഗമായാണ് പുതിയ ക്ലിനിക്കിനായുളള നടപടികൾ. പദ്ധതി ഒരുങ്ങിയാൽ മലയോര മേഖലയിലെ വലിയൊരു വിഭാഗം സാധാരണക്കാർക്ക് ആശ്വാസമാകും.

സുഭാഷ് അറുകര,​ ഗ്രാമപഞ്ചായത്ത് അംഗം