തലശ്ശേരി: അഗ്നിരക്ഷാസേന യൂണിറ്റിലെ ജീവനക്കാർക്കിടയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്തി ആരോഗ്യവകുപ്പ്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ഊർജ്ജിത ഉറവിടനശീകരണ പ്രവർത്തനങ്ങൾ, ഐ.എസ്.എസ്, തെർമൽ ഫോഗിംഗ് എന്നിവ നടത്തി. ജീവനക്കാർക്ക് ആവശ്യമായ വ്യക്തിഗത സുരക്ഷാ സാമഗ്രികൾ, കൊതുകുവല എന്നിവയും വിതരണം ചെയ്തു.
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ. മായ, ജില്ലാ മലേറിയ ഓഫീസർ വി. സുരേശൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. സമീപത്തുള്ള സബ്കളക്ടർ ഓഫീസ്, നിർമ്മിതി കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിച്ച് ജീവനക്കാർക്ക് ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായിക് അറിയിച്ചു.