കണ്ണൂർ: സ്വർണക്കടത്തിലെ കണ്ണികളെ അന്വേഷിച്ച് പുറത്ത് കൊണ്ടു വരേണ്ടത് കേന്ദ്രസർക്കാരും കസ്റ്റംസുമാണെന്ന് മന്ത്രി ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസിലെ കണ്ണികൾക്ക് ബി.ജെ.പി ബന്ധമാണുള്ളതെന്നും സർക്കാരിന്റെ ജനപ്രീതി തകർക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും ജയരാജൻ ആരോപിച്ചു. കേസിൽ ഒളിവിൽ പോയ സന്ദീപ് നായർക്ക് മുതിർന്ന ബി.ജെ.പി നേതാക്കളുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. സ്വർണക്കടത്ത് പ്രശ്നം വഴിതിരിച്ച് വിടാൻ ശ്രമം നടക്കുകയാണ്. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസിനെ വിളിച്ചിട്ടില്ല. വായിൽ തോന്നിയത് പാടലാണോ ബി.ജെ.പി നേതാവാകാനുള്ള യോഗ്യതയെന്നും മന്ത്രി ചോദിച്ചു.