കണ്ണൂർ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഇതിനായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കളക്ടറേറ്റിൽ നടന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാക്കുന്നതിന് ഐ.എം.എ പ്രതിനിധികളുമായി ചർച്ച നടത്തും. കൂടുതൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിക്കും.
ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം തടയുന്നതിനായി ഫലപ്രദമായ നടപടികളാണ് ജില്ലാ ഭരണകൂടവും പൊലീസും ഉൾപ്പെടെയുള്ളവർ കൈക്കൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ ക്വാറന്റൈൻ ഉറപ്പുവരുത്തുക പ്രധാനമാണ്. അതോടൊപ്പം ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, വാഹനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം.
ജില്ലയ്ക്ക് പുറത്തുനിന്ന് ചരക്കുകളുമായി എത്തുന്ന വാഹനങ്ങളിലെ ജീവനക്കാർ മറ്റുള്ളവരുമായി കൂടിക്കലരുന്നത് ഒഴിവാക്കണം. അവർക്കായി എല്ലാ പ്രധാന നഗരങ്ങളിലെയും മാർക്കറ്റുകളോടനുബന്ധിച്ച് ശുചിമുറി ഉൾപ്പെടെയുള്ള വിശ്രമ കേന്ദ്രം ബന്ധപ്പെട്ടവർ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കളക്ടർ ടി.വി സുഭാഷ്, എസ്.പി യതീഷ് ചന്ദ്ര, എ.ഡി.എം ഇ.പി മേഴ്സി, ഡി.എം.ഒ കെ. നാരായണ നായിക്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.