ചെറുവത്തൂർ: കേരള കാർഷിക സർവ്വകലാശാലയ്ക് കീഴിൽ പ്രവർത്തിക്കുന്ന പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ മൃഗപരിപാലന യൂണിറ്റ് അടച്ചുപൂട്ടാൻ നീക്കം. പ്രദേശത്തെ ക്ഷീരകർഷകർ ഏറെ ആശ്രയിക്കുന്ന യൂണിറ്റാണിത്. ഏതാണ്ട് 40 വർഷം മുമ്പാണ് ഗവേഷണ കേന്ദ്രത്തിൽ മൃഗപരിപാലന യൂണിറ്റ് തുടങ്ങിയത്.
ആരംഭ കാലത്ത് അത്യുത്പ്പാദന ശേഷിയുള്ള പളശുക്കളെ കൂടാതെ പന്നി, മലബാറി ആട്, മുയൽ തുടങ്ങിയവയും ഇവിടെയുണ്ടായിരുന്നു. കൃഷിയും ഉണ്ടായിരുന്നു.പിന്നീട് ഘട്ടംഘട്ടമായി പന്നി, മുയൽ, ആട് വളർത്ത് കേന്ദ്രങ്ങൾ പൂട്ടുകയായിരുന്നു. നിലവിൽ നല്ല നിലയിൽ നടക്കുന്ന ഡയറി യൂണിറ്റ്, സംസ്കരണ കേന്ദ്രം, കുള്ളൻ പശുക്കളുടെപ്രത്യേക യൂണിറ്റ് എന്നിവയാണ് ഇതിലുള്ളത്. 15 ഓളം കറവ പശുക്കളും ഇവയുടെ കിടാക്കളും ഉൾപ്പെടെ അമ്പതോളം പശുക്കൾ കേന്ദ്രത്തിൽ നിലവിലുണ്ട്. കൂടാതെ 50ഓളം കാസർകോടൻ കുള്ളൻ പശുവിന്റെ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. കുള്ളൻ പശുക്കളുടെ ബീജസങ്കലനവും കേന്ദ്രത്തിൽ നടത്തുന്നുണ്ട്.
പ്രഭാകരൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം കറവ പശുക്കൾക്ക് വേണ്ടി മാത്രം കാൽ കോടിയോളം രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള തൊഴുത്തും നിർമ്മിച്ചിട്ടുണ്ട്. 2 വെറ്റിനറി ഫാം അസിസ്റ്റന്റ്, പത്ത് തൊഴിലാളികൾ എന്നിവർക്കാണ് യൂണിറ്റിന്റെ നടത്തിപ്പ് ചുമതല. നേരത്തെ കാർഷിക സർവ്വകലാശാലയുടെ കീഴിലായിരുന്നു മൃഗപരിപാലനവും. ഇപ്പോൾ വെറ്റിനറി സർവ്വകലാശാലയുടെ കീഴിലാണ്. ഇതാണ് പിലീക്കോട് കേന്ദ്രത്തിലെ യൂണിറ്റിന് വിനയായത്. യൂണിറ്റ് അടച്ചു പൂട്ടുന്നതിനു മുന്നോടിയായുള്ള നടപടികൾ സർവ്വകലാശാല തുടങ്ങി കഴിഞ്ഞു.
തസ്തികയിലും മാറ്റം
യൂണിറ്റ് അടച്ചുപൂട്ടുന്നതിന് മുന്നോടിയായി നിലവിലുള്ള വെറ്റിനറി ഫാം അസിസ്റ്റന്റ് എന്ന തസ്തിക മാറ്റി ഫാം ഓഫീസേഴ്സ് അഗ്രി എന്നാക്കിയിട്ടുണ്ട്. തസ്തിക മാറ്റത്തിലൂടെ വെറ്റിനറി അസിസ്റ്റന്റുമാരെ മാറ്റി യൂണിറ്റ് പൂട്ടാനാണിത്. യൂണിറ്റ് അടച്ചുപൂട്ടിയാൽ കോടികണക്കിന് രൂപ ചെലവിട്ട് പണിത കാലിതീറ്റ ഗോഡൗൺ, കാറ്റിൽ ഷെഡ്, സംസ്കരണ യൂണിറ്റ്, തൊഴുത്ത് തുടങ്ങിയവയല്ലാം ഉപയോഗശൂന്യമാകും.
ബൈറ്റ്
മൃഗപരിപാലന യൂണിറ്റ് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട ഒരു വിവരവും ലഭിച്ചിട്ടില്ല.. തസ്തിക മാറ്റിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടുണ്ട്. തസ്തിക മാറ്റിയാലും നിലവിലുള്ള രണ്ട് ജീവനക്കാരെ ഇവിടെതന്നെ നിലനിർത്തണം എന്നാവശ്യപ്പെട്ട് സർവ്വകലാശാലയ്ക് കത്തെഴുതിയിട്ടുണ്ട്-
ഡോ ടി.വനജ,അസോസിയേറ്റ് ഡയറക്ടർ