കണ്ണൂർ: റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിനു മുമ്പിൽ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ പ്രതിഷേധിക്കുകയും കളക്ട്രേറ്റ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. കെ.പി.എ നാലാം ബറ്റാലിയൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് ഇന്നലെ രാവിലെ പ്രതിഷേധവുമായി എത്തിയത്.
സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി ജൂൺ 30 ന് അവസാനിച്ചിരുന്നു. ലിസ്റ്റ് റദ്ദാകുന്നതിനു മുമ്പ് നിരവധി തവണ സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂലമായി ഒന്നും ചെയ്യാതെ സർക്കാർ തങ്ങളെ പറ്റിച്ചുവെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. റാങ്ക് ലിസ്റ്റിൽ 1870 പേരാണുള്ളത്. ഇതിൽ മുപ്പതു ശതമാനം ഉദ്യോഗാർത്ഥികൾക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.
ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരക്കാർക്ക് പിന്തുണയുമായെത്തി. പ്രതിഷേധം ശക്തമായതോടെ എസ്.പി യതീഷ് ചന്ദ്ര സ്ഥലത്തെത്തി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കളക്ട്രേറ്റ് പരിസരത്ത് കൊവിഡ് നിയമം ലംഘിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.