park
പിലിക്കോട്ടെ പപ്പാത്തി പാർക്ക്

പിലിക്കോട്: ഒന്നാം ക്ലാസിലെ ഓൺലൈൻ കണക്കുക്ലാസിലൂടെ പിലിക്കോട്ടെ പപ്പാത്തി പാർക്കും നാലാളറിയുന്ന ഇടമായി. കാസർകോട് ​​-കണ്ണൂർ അതിർത്തിയായ കാലിക്കടവിന് തൊട്ടടുത്തുള്ള പടുവളത്ത് ദേശീയ പാതയോരത്തെ ഈ കുട്ടികളുടെ പാർക്കാണ് ഇന്നലത്തെ കണക്കു ക്ലാസായി മാറിയത്.

പാർക്കിലെ കൊക്കുകളും, ചുവന്ന ആമ്പലും, പൂക്കളും പൂമ്പാറ്റകളെയുമൊക്കെ ഉൾപ്പെടുത്തി ക്ലാസ് കൈകാര്യം ചെയ്തപ്പോൾ അവതാരകനായ വിനയൻ മാഷിന് കണക്കു തെറ്റിയില്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഒന്നാം ക്ലാസുകാർ വിക്റ്റേഴ്സിലൂടെ പാർക്കിലെത്തി.

2015 ൽ ആരംഭിച്ച പാർക്ക് കേവലം കാഴ്ചയ്ക്ക് മാത്രമുള്ളതല്ല. പിലിക്കോട് ഏക്കച്ചി സ്വദേശിയായ കോൺക്രീറ്റ് തൊഴിലാളി പടോളിരവിയും കൂട്ടുകാരും ഒരുക്കിയ പാപ്പാത്തി പാർക്ക് ഒന്നാന്തരം പച്ചത്തുരുത്തായി മാറിക്കഴിഞ്ഞു . ചെമ്പകം, നന്ത്യാർവട്ടം, വിവിധതരം ചെമ്പരത്തി, പനിനീർ, ചെക്കി, ചെണ്ടുമല്ലി ചെടികൾ തുടങ്ങിയവ പൂത്തുലഞ്ഞ് നിൽക്കുന്ന പൂന്തോട്ടവും ഏറെ ആകർഷകമാണ്.പേരയും മാവും വേപ്പും സീതപ്പഴവും ഫാഷൻഫ്രൂട്ടും സപ്പോട്ടയും ഞാവലും തുടങ്ങി ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. രാമച്ചം, കരിനെച്ചി, വയമ്പ്, കറുവപ്പട്ട, കരിങ്ങാലി, തുളസി തുടങ്ങിയ ഔഷധസസ്യങ്ങളും കാണാം. മരങ്ങൾ പൂത്തും കായ്ച്ചും തുടങ്ങിയപ്പോൾ പക്ഷികളും, പൂമ്പാറ്റകളും ഒക്കെയുള്ള ജൈവോദ്യാനമായി അത് മാറി. പ്രാവുകൾക്കും പക്ഷികൾക്കുമായി പാർക്കിനുള്ളിൽ കൂടുകൾ ഒരുക്കിവെച്ചു. മാടപ്രാവുകളും മറ്റും വിരുന്നെത്തി. പതിവായി എല്ലാദിവസവും രാവിലെ ഏഴുമണിയോടെ എത്തി രവി പ്രാവുകൾക്ക് തീറ്റനൽകും.