കാഞ്ഞങ്ങാട്: മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് നീക്കിവച്ച തുക ഉപയോഗിച്ച് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മക്കൾ. ആലയിലെ തമ്പായിയമ്മയുടെ മക്കളായ ബാലകൃഷ്ണൻ, സുമതി, സുരേശൻ, ഗംഗാരാധാകൃഷ്ണൻ, യമുന, ചന്ദ്രിക എന്നിവരാണ് ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചത്. തമ്പായിയമ്മയുടെ മകളും നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സണുമായ ഗംഗാ രാധാകൃഷ്ണൻ വിഷയം നഗരസഭ ചെയർമാൻ വി.വി. രമേശന്റെയും സെക്രട്ടറി എം.കെ ഗിരിഷിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കുടുംബം ചെയ്യുന്ന സൽപ്രവൃത്തിയെ ഇരുവരും അഭിനന്ദിക്കുകയും ചെയ്തു. നഗരസഭയുടെ ക്വാറന്റൈൻ കേന്ദ്രങ്ങളായ ലക്ഷ്മി മെഘാൻ കൊവ്വൽ പള്ളി, ജി.എച്ച്.എസ്.എസ് ബല്ലാ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്തത്.