കാസർകോട് : തെയ്യമെന്ന ഉത്തരകേരളീയന്റെ ആചാര അനുഷ്ഠാനത്തെ ജീവിതം നൽകി ഉപാസിച്ച അരോത്തെ ബാലൻ പണിക്കർ അരങ്ങൊഴിഞ്ഞു. 12ാമത്തെ വയസിൽ പെരുന്തട്ട ചാമുണ്ഡിയുടെ തിരുമുടിയേന്തി കെട്ടിയാടിയ കോലങ്ങളുടെ ആഹാര്യശോഭയും ഉള്ളിൽ തറക്കുന്ന വാചാലും മനസിൽ ശേഷിപ്പിച്ചാണ് ദൈവികസ്പർശമുള്ള കോലധാരി അരങ്ങൊഴിഞ്ഞത്.
1965ലായിരുന്നു അരവത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിനോടൊപ്പമുള്ള എടമനവാഴും തന്ത്രിയുടെ ചാവടിയിൽ പെരുങ്കളിയാട്ടം. ഒന്നുകുറവ് നാൽപ്പത് തെയ്യങ്ങളെ കെട്ടിയാടുന്നു. ഇവയിൽ കുട്ടിച്ചാത്തന്മാരുണ്ട്. ഇരട്ടക്കുട്ടിച്ചാത്തന്മാർ. ഒറ്റ കുട്ടിച്ചാത്തനെ കെട്ടിയാടേണ്ട ജന്മാവകാശം അള്ളട ദേശത്തെ വൈക്കൂട്ടുകാർക്കാണ്. ഇരട്ടക്കുട്ടിച്ചാത്തൻ ഇളങ്കൂരു സ്വരൂപക്കാരും.കളം കവിഞ്ഞു കളിക്കുന്ന തെയ്യക്കാരൻ ഉദയവർമ്മൻ പെരുമലയനാണ് ഒരു കുട്ടിച്ചാത്തനെ കെട്ടിയാടുന്നത്. അസുര താള ലഹരിയിൽ ഒറ്റക്കാലിൽ ചുറ്റിക്കറങ്ങുന്ന ഉദയവർമ്മന്റെ കുട്ടിച്ചാത്തൻ അപ്പോഴേക്കും ഉത്തരമലബാറിൽ പാട്ടായിക്കഴിഞ്ഞിരുന്നു. നാടിന്റെ മാനം കാക്കാൻ ഇളങ്കൂറ്റുകാർ ഏതു പെരുമലയനെയായിരിക്കും കളത്തിലിറക്കുക ? .ആകെ ആശങ്ക. മുഹൂർത്തം അടുത്തതോടെ ദീപവും തിരിയും വാങ്ങാൻ തിരുമുറ്റത്തെത്തിയത് അരോത്തെ ബാലനെന്ന മീശ കുരുക്കാത്ത പതിനേഴുകാരൻ.ഉദയവർമ്മനോട് ഏറ്റുമുട്ടാൻ ഈ പയ്യനോ? നാട്ടുകാർക്കും ആധിയായി.
ചെണ്ടക്കോലുയർന്നു പൊങ്ങി. അന്തരീക്ഷത്തിൽ ഇരട്ടക്കുട്ടിച്ചാത്തന്മാരുടെ വീറും വീര്യവും അട്ടഹാസമായുയർന്നു. ഉദയവർമ്മൻ ഒന്നാം കുട്ടിച്ചാത്തനായപ്പോൾ വലംപാദത്തിലെ പെരുവിരലിൽ ഇരട്ടക്കുട്ടിച്ചാന്റെ കോലമണിഞ്ഞ ബാലൻ കറങ്ങിത്തിരിഞ്ഞു. ഏത്ര തവണയെന്നറിയില്ല. തളർന്നില്ല, നിലത്തു വീണില്ല. ഒടുവിൽ അരങ്ങൊഴിഞ്ഞപ്പോൾ ഒറ്റവിരലിൽ കറങ്ങിയ ക്ഷീണം തീർക്കാൻ ഇരുന്ന ബാലന്റെ അടുത്ത് എടമനതന്ത്രി എത്തി . പട്ടും വളയും നൽകി ആദരിക്കുന്നു. അതുവരെ വെറും ബാലനായിരുന്ന ചെറുപ്പക്കാരൻ ബാലൻ പണിക്കറായി . 17ാം വയസിൽ പട്ടും വളയും വാങ്ങി ഈ രംഗത്തെ കുലപതിയായി വാണ ബാലൻ പണിക്കർ തന്റെ 80ാം വയസിലാണ് കർമ്മ മണ്ഡലം ഒഴിയുന്നത്. പനയാലിലായിരുന്നു താമസം. ഭാര്യ പാർവ്വതി. മക്കൾ മധു പണിക്കർ, മനുപണിക്കർ, പ്രിയ പരേതനായ വിനു.