കണ്ണൂർ:കണ്ണൂർ ജില്ലയിൽ എട്ട് പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ രണ്ട് പേർ വിദേശ രാജ്യങ്ങളിൽ നിന്നും അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കണ്ണൂർ ഡി.എസ്.സി ജീവനക്കാരനാണ് മറ്റൊരാൾ. വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്ന 14 കണ്ണൂർ സ്വദേശികൾ ഇന്നലെ രോഗമുക്തരായി.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂൺ 14ന് അബൂദാബിയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 48കാരൻ, കരിപ്പൂർ വിമാനത്താവളം വഴി ജൂലായ് നാലിന് കുവൈറ്റിൽ നിന്ന് കെ.യു 1725 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 47കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ബെംഗളൂരുവിൽ നിന്ന് ജൂൺ 30ന് എത്തിയ പാനൂർ സ്വദേശി 28കാരൻ, ജൂലായ് മൂന്നിന് എത്തിയ പേരാവൂർ സ്വദേശി 34കാരൻ, ജൂലായ് അഞ്ചിന് എത്തിയ പാനൂർ സ്വദേശി 57കാരൻ, ജൂലായ് ആറിന് എത്തിയ പാനൂർ സ്വദേശി 44കാരൻ, ജൂലായ് 7ന് ഗുജറാത്തിൽ നിന്ന് എത്തിയ ഇരിട്ടി സ്വദേശി 32കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. ആഗ്ര സ്വദേശിയായ 54കാരനാണ് രോഗബാധിതനായ ഡി.എസ്.സി ജീവനക്കാരൻ.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 645 ആയി. ഇവരിൽ 362 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരായ 27കാരൻ, 52കാരൻ, 24കാരൻ, രാമന്തളി സ്വദേശി 26കാരൻ, പെരിങ്ങോം സ്വദേശി 23കാരൻ, കൂത്തുപറമ്പ് സ്വദേശി 27കാരി, കടന്നപ്പള്ളി സ്വദേശി 27കാരൻ, കൊട്ടിയൂർ സ്വദേശി 56കാരി, കുറുമാത്തൂർ സ്വദേശി 35കാരൻ, ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനായ 25കാരൻ, മാങ്ങാട്ടിടം സ്വദേശി 35കാരൻ, ചിറക്കൽ സ്വദേശികളായ 51കാരൻ, 44കാരൻ, തലശ്ശേരി സ്വദേശി 76കാരൻ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.
ഇന്ന് സ്വകാര്യ ആശുപത്രി ഉടമകളുടെ യോഗം
കണ്ണൂർ:ജില്ലയിൽ കൊവിഡ് ചികിത്സക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ അറിയിച്ചു.രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർധന ഉണ്ടാവുകയാണെങ്കിൽ നേരിടാൻ ആവശ്യമായ മുന്നൊരുക്കം എന്ന നിലയിലാണ് സ്വകാര്യ ആശുപത്രി ഉടമകൾ, ഐ.എം.എ ഭാരവാഹികൾ, നഴ്സുമാരുടെ സംഘടനാ പ്രതിനിധികൾ എന്നിവരുടെ യോഗം ചേരുന്നത്.