vayal
കണ്ണാടിപ്പറമ്പ് വെണ്ടോട്ട് വയലിൽ നാട്ടിപ്പണിക്കെത്തിയ തമിഴ്നാട് സ്വദേശികൾ

കണ്ണൂർ: (കണ്ണാടിപ്പറമ്പ്):നാട്ടിപ്പാട്ട് പാടി( ഞാറ്റുപാട്ട്)​ നിരനിരയായി നിന്ന് ഞാറ് നട്ടുനീങ്ങുന്ന പരമ്പരാഗത കാഴ്ചകൾ ഇനി മറന്നേക്കുക. എല്ലാ തൊഴിൽമേഖലയിലും പോലെ അന്യസംസ്ഥാനക്കാർ പാടത്തിലെ പാഠവും പഠിച്ചെടുത്തിരിക്കുന്നു.കാട്ടാമ്പള്ളി വെണ്ടോട്ടുവയലിൽ ഞാറുമായി നിരന്നുനിൽക്കുയാണ് ഒരു കൂട്ടം തമിഴ് മക്കൾ.

സേലം സ്വദേശി രാമന്റെ നേതൃത്വത്തിൽ പാർവതി, സോലെ പിള്ള ,രജ്ഞിത, കറുപ്പായി, മണി,ശെൽവി പത്തംഗ സംഘവും ഗോവിന്ദന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവുമാണ് ഇവിടെ ഞാറുനടുന്നത്. നാറാത്ത് പഞ്ചായത്ത് പാടശേഖര സമിതിയുടെ എഴുപത് ഹെക്ടറോളം വരുന്ന വയലിലാണ് ഇവരുടെ അദ്ധ്വാനം . ഒരേക്കറിന് എഴായിരം മുതൽ ഏട്ടായിരം രൂപ വരെയാണ് കരാറടിസ്ഥാനത്തിൽ ഇവരുടെ കൂലി. സ്ത്രീകളും യുവാക്കളുമടങ്ങുന്ന സംഘം വൃത്തിയോടെ വേഗത്തിലാണ് ഞാറു നട്ട് പിന്നോട്ട് നീങ്ങുന്നത്. അതിരാവിലെ മുതൽ വിശ്രമമില്ലാതെയാണ് ഇവരുടെ അദ്ധ്വാനം.

കൊവിഡ് കാലമായതിനാൽ പതിവിലും വൈകിയാണ് ഇക്കുറി വെണ്ടോട് വയലിൽ കൃഷി തുടങ്ങുന്നത്. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി നാറാത്ത് പഞ്ചായത്തിന്റെ ഇടപെടലിലൂടെ ഹെക്ടർ കണക്കിന് തരിശുഭൂമി ഇക്കുറി കൃഷിയോഗ്യമാക്കിയിട്ടുമുണ്ട്. പെരുന്തുരുത്തി, മലോട്ട് - പള്ളേരി, വെണ്ടോട്ട്, മാതോടം, മാതോടം കൈപ്പാട്ട് എന്നി അഞ്ച് പാടശേഖര വയലുകളിലും അന്യസംസ്ഥാനക്കാരാണ് ഞാറുനട്ടത്.

ചെലവ് കൂടിയതും പണിക്കാരെ കിട്ടാത്തതും ട്രാക്ടർ, കൊയ്ത്ത് യന്ത്രം എന്നിവയുടെ ലഭ്യതക്കുറവും കാരണം നിരവധി പരമ്പരാഗത കർഷകർ ഇക്കുറി പിന്നോട്ടടിച്ചിരുന്നു.ഇവർക്കെല്ലാം പുതിയ തൊഴിലാളികളുടെ വരവ് ആശ്വാസമായിട്ടുണ്ട്. ഇതുകൊണ്ടുതന്നെ തരിശായി കിടന്ന നിരവധി സ്ഥലങ്ങൾ ആളുകൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

പരമ്പരാഗതമായി കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരാണ് ഇവിടെ എത്തിയവരെല്ലാം.ഏജന്റുമാരാണ് ഇവരെ വിവിധ പാടങ്ങളിലേക്ക് എത്തിക്കുന്നത്.