agathi
കണ്ണൂർ അഴീക്കോട്ടെ വൃദ്ധസദനം

കണ്ണൂർ :ഉറ്റവർ വിട്ടുകളഞ്ഞെങ്കിലും ജീവിത സായന്തനത്തിൽ ഇവിടെ ആരും തനിച്ചല്ല. മറ്റൊരിടത്ത് നിന്നും ലഭിക്കാത്ത സാന്ത്വനവും സന്തോഷവും തുണയായുണ്ട്. തെരുവിലേക്ക് വലിച്ചെറിഞ്ഞവരും നടതള്ളിയവരുമായി 64 വൃദ്ധരാണ് സെക്കൻഡ് ഇന്നിംഗ്സ് എന്ന പച്ചത്തുരുത്തിൽ ജീവിതം ആസ്വദിച്ച് ജീവിക്കുന്നത്.

സംസ്ഥാന സർക്കാരിന് കീഴിൽ അഴീക്കോടാണ് സെക്കൻഡ് ഇന്നിംഗ്സ് എന്ന വൃദ്ധസദനം.അന്തേവാസികളിൽ പലരും നല്ലൊരു ജീവിതം തുടങ്ങിയത് ഇവിടെ എത്തിയതിന് ശേഷമാണ്. ഏറ്റവും മികച്ച വൃദ്ധസദനത്തിനുള്ള സംസ്ഥാനഅവാർഡും ഇക്കുറി ഇവർക്ക് സ്വന്തമായിരുന്നു.

ജില്ലയ്ക്ക് പുറത്ത് നിന്നുള്ള അന്തേവാസികളും ഇവിടെയുണ്ട്.ടൈലിട്ട കണ്ണാടിപോലുള്ള തറ, മനം കവരുന്ന മ്യൂറൽ ചിത്രങ്ങളുള്ള ചുവരുകൾ, ആഡംബര ഹോട്ടലുകളെ വെല്ലുന്ന കിടപ്പുമുറികൾ, സോഫാ സെറ്റുകൾ നിറഞ്ഞ സ്വീകരണമുറി, വൃത്തിയുള്ള തീൻ മേശ - ഒരു വൃദ്ധസദനത്തോട് ഇത്രയേറെ കരുതലോയെന്ന് ചോദിക്കുന്നവർ നിരവധി.

സാമൂഹ്യനീതി വകുപ്പാണ് 'സെക്കൻഡ് ഇന്നിംഗ്സ് ഹോമെ"ന്ന പേരിൽ വൃദ്ധസദനങ്ങൾ നവീകരിക്കുന്നത്. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷൻ ട്രസ്റ്റിനാണ് നവീകരണ ചുമതല. കണ്ണൂർ അഴീക്കോട്ടെ വൃദ്ധസദനമാണ് പദ്ധതിയിലുൾപ്പെടുത്തി ആദ്യം നവീകരിച്ചത്.

മൂന്നുവർഷത്തെ പ്രോജക്ടിന് 73 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. നവീകരണത്തോടെ ദേശീയ നിലവാരത്തിലേക്ക് ഉയർന്ന സംസ്ഥാനത്തെ ആദ്യ വൃദ്ധസദനമായി ഇത്.

കൈഞൊടിച്ചാൽ സഹായമെത്തും

ഓരോ കിടക്കയിലും എമർജൻസി ബെല്ലും റീഡിംഗ് ലൈറ്റും നഴ്‌സിനെ വിളിക്കാനുള്ള എമർജൻസി ബെൽ, കുളിമുറികളിൽ എമർജൻസി ബെൽ എന്നിവയുണ്ട്. വരാന്തയിലും മുറികളിലും നിറയെ ചിത്രങ്ങൾ, പ്രയാസമുള്ളവർക്ക് പിടിച്ചു നടക്കാൻ കൈവരി, വിശാലമായ ഡൈനിംഗ് ഹാൾ, ലൈബ്രറി, വായനമുറി, പുല്ലുവിരിച്ച പൂന്തോട്ടം. കൂടാതെ അലോപ്പതി, ആയുർവേദം എന്നിവയ്‌ക്കായി പ്രത്യേകമായി ക്ലിനിക്കും മരുന്ന് നൽകുന്ന ഫാർമസിയും. ആഴ്ചതോറുമുള്ള മെഡിക്കൽ ചെക്കപ്പിനും രക്തപരിശോധനയ്‌ക്കും ഇ.സി.ജി എടുക്കാനുൾപ്പെടെയുള്ള സൗകര്യമുള്ള ലാബ്. എല്ലാദിവസവും ആയുർവേദ ഡോക്ടറുടെ സേവനം ലഭിക്കും. ആഴ്ചയിൽ ഒരിക്കൽ അലോപ്പതി ഡോക്ടറും മാസത്തിൽ ഒരിക്കൽ മറ്റു സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും ഇവിടെയെത്തും. ഫിസിയോതെറാപ്പി, യോഗാ എന്നിവയ്‌ക്കും പ്രത്യേക മുറികളുമുണ്ട്. മക്കളില്ലാത്ത ദമ്പതിമാർക്ക് മുൻഗണനയുമുണ്ട്.

ലോക്ക് ഡൗൺ കാലത്ത് സാനിറ്റൈസർ നിർമ്മാണം ഏറെ ശ്രദ്ധേയമായിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇംഗ്ളണ്ടിലെ ഈസ്റ്റ് ആഗ്ളി സർവ്വകലാശാലയുടെ പുരസ്കാരവും ഇവർക്ക് ലഭിച്ചു.

ബി.മോഹനൻ

സൂപ്രണ്ട്

ഇവിടുത്തെ താമസക്കാരെ മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യം.എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കാൻ ഞങ്ങൾ തയ്യാറാണ്. ഒറ്റപ്പെടലിന്റെ വേദന ഇവിടെയെത്തുമ്പോൾ അവർ മറക്കുന്നു.